ഷാര്‍ജയില്‍ മലയാളി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ കണ്ണൂര്‍, കൊല്ലം സ്വദേശികളും
ഷാർജ: കണ്ണൂർ മാട്ടൂല്‍ സ്വദേശി ഇസ്മായില്‍ പൊന്നൻ ഇബ്രാഹിം കുട്ടി (40) ഷാർജയില്‍ മർദനമേറ്റ് മരിച്ച സംഭവത്തില്‍ അഞ്ച് മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ കണ്ണൂർ, കൊല്ലം സ്വദേശികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഷാർജയിലെ അല്‍ നഹ്ദ പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ കാർ പാർക്കിങ്ങിലായിരുന്നു സംഭവം. ടിക് ടോക്കില്‍ സജീവമായിരുന്ന ഇസ്മായീലും പ്രതികളും തമ്മില്‍ നേരത്തേ ചില വിഷയങ്ങളെ ചൊല്ലി കടുത്ത വാഗ്വാദങ്ങള്‍ നടന്നിരുന്നു. സമൂഹമാധ്യമങ്ങളിലെ ലൈവ് പരിപാടികളിലൂടെയും ഇരുകൂട്ടരും പരസ്പരം വെല്ലുവിളിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഇതിന്റെ തുടർച്ചയായി നേരില്‍ കണ്ടുമുട്ടിയപ്പോള്‍ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് അഞ്ചംഗ സംഘം മരപ്പലക ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇസ്മായീലിനെ മർദിച്ചതായാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ഗുരുതരമായി പരുക്കേറ്റ ഇസ്മായീലിനെ ഉടൻ ഷാർജയിലെ അല്‍ ഖാസിമിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി മരണത്തിന് കീഴടങ്ങി.
സംഭവത്തിന് പിന്നാലെ പൊലീസ് അതിവേഗം അന്വേഷണം നടത്തി അഞ്ചു പ്രതികളെയും കസ്റ്റഡിയിലെടുത്തു. ദുബായ് കരാമയിലെ ഒരു ബേക്കറി-കുല്‍ഫി കടയില്‍ ജീവനക്കാരനായിരുന്നു ഇസ്മായീല്‍. മാട്ടൂല്‍ തൈവളപ്പില്‍ ഇബ്രാഹിമിന്റെയും ജുബൈരിയ പൊന്നന്റെയും മകനാണ്. ഭാര്യ നജ്മുന്നിസ. ഒരു മകനുണ്ട്. സഹോദരങ്ങള്‍: ഇസ്ഹാഖ്, ജുബൈർ, ഹസീന. മൃതദേഹം നിലവില്‍ അല്‍ ഖാസിമിയ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഷാർജ പൊലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണ്.
إرسال تعليق