വാഹന മോഡിഫിക്കേഷൻ: പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പ്രേമികൾക്ക് വലിയ പ്രതീക്ഷ നൽകിക്കൊണ്ട്, വാഹനങ്ങളിലെ മോഡിഫിക്കേഷനുകളെക്കുറിച്ച് (രൂപമാറ്റം) പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് അംഗങ്ങളാവുക. ജൂലൈ ഒന്ന് മുതൽ സമിതി പ്രവർത്തനം ആരംഭിക്കും.
നിശ്ചിത ഫീസ് അടച്ച് നിയമപരമായി ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ ഏതൊക്കെയാണെന്ന് സമിതി പരിശോധിക്കും. വാഹനങ്ങളിലെ സ്റ്റിക്കർ ഒട്ടിക്കൽ, നിറം മാറ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. രണ്ട് വിഭാഗങ്ങളായി തരംതിരിച്ചായിരിക്കും പഠനം. സമിതി രൂപീകരിച്ച് 100 ദിവസത്തിനകം ആദ്യ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിദഗ്ധരെയും ഈ സമിതിയിൽ ഉൾപ്പെടുത്തും.
റോഡപകടങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിർദേശപ്രകാരം ‘പോസ്റ്റ് ആക്സിഡന്റ് കമ്മിറ്റി’രൂപീകരിക്കും. മോട്ടോർ വാഹന വകുപ്പ് , പോലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ പ്രതിനിധികൾ ഈ സമിതിയിൽ ഉണ്ടാകും.
അപകടങ്ങൾ നടന്ന സ്ഥലങ്ങളിൽ റോഡിന്റെ തകരാറുകളോ മറ്റ് ബാഹ്യഘടകങ്ങളോ കാരണമായിട്ടുണ്ടോ എന്ന് പിഡബ്ല്യുഡി ഉൾപ്പെടെയുള്ള വകുപ്പുകൾ പരിശോധിക്കും. അപകടങ്ങളുടെ കൃത്യമായ കാരണം കണ്ടെത്തി ഭാവിയിൽ മുൻകരുതലുകൾ സ്വീകരിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
Post a Comment