Join News @ Iritty Whats App Group

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം


കണ്ണൂര്‍:കണ്ണൂര്‍ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട മൃതദേഹം കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയത്തിന് പിന്നാലെ കേസെടുത്ത് പൊലീസ്. കല്ലറ തുറന്ന് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. നാളെ ആർഡിഒയുടെ അനുമതി തേടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കല്ലറയ്ക്ക് പോലീസ് കാവൽ ഉണ്ടാകും. പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് പള്ളി വികാരിയും പറഞ്ഞു.

കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിലാണ് നേരത്തെ സംസ്ക്കരിച്ച ഒരു മൃതദേഹത്തിന് സമീപം പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തുടരുകയും പള്ളി വികാരി തന്നെ കല്ലറ തുറന്ന് പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കോഴിക്കോട് വിലങ്ങാട് നിന്നും കാണാതായ വായാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ കുടുംബം രംഗത്തെത്തുന്നത്. പത്ത് വര്‍ഷം മുമ്പ് കാണാതായ വിലങ്ങാട് വായാട് സ്വദേശി സിജോ സ്കറിയയുടെ കുടുംബമാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 2014ൽ വീട്ടുകാരുമായി വാക്കുതര്‍ക്കങ്ങളുണ്ടായതിനെത്തുടര്‍ന്ന് സിജോ സ്കറിയ വിലങ്ങാട് നിന്നും ഭാര്യക്കൊപ്പം ഭാര്യവീടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് പോവുകയായിരുന്നു.

പിന്നീട് സിജോ വിലങ്ങോടുള്ള മാതാപിതാക്കളുമായോ ബന്ധുക്കളുമായോ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. 2020 തിലാണ് സിജോയെ വാണിയപ്പാറയിലെ ഭാര്യവീട്ടില്‍ നിന്നും കാണാതായെന്ന വിവരം ബന്ധുക്കള്‍ യാദൃശ്ചികമായി അറിയുന്നത്. തുടര്‍ന്ന് കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. വാണിയംപാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിലുള്ള മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് സിജോയുടെ കുടുംബത്തിന്റെ ആവശ്യം. പുതിയ പരാതി ഉയര്‍ന്നതോടെ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്.

Post a Comment

Previous Post Next Post
Join Our Whats App Group