Join News @ Iritty Whats App Group

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു


മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം. വിജിലന്‍സ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നല്‍കിയത്. കുറ്റപത്രത്തിന് അംഗീകാരം നല്‍കിയ കാര്യം ഹൈക്കോടതിയെ അറിയിച്ചു. 2014 ല്‍ വയനാട് യൂണിയന് 10 ലക്ഷം രൂപ നല്‍കിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയ്യാറായത്. വെള്ളാപ്പള്ളി നടേശന്‍, എം എന്‍ സോമന്‍, വയനാട് എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.

അഴിമതി നിരോധന നിയമം ചുമത്തിയതിനാല്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കണം. വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളില്‍ കൂടി അന്വേഷണം പൂര്‍ത്തിയായിയിട്ടുണ്ട്. 70 കേസുകളിലാണ് അന്വേഷണം തുടരുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ശക്തമായ പോരാട്ടത്തിലാണ് മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് വെള്ളാപ്പള്ളി നടേശന് കുരുക്കായത്. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എസ് എന്‍ ഡി പി കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ മുന്നറിയിപ്പ്. പുതിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും എസ്പി എസ് ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group