ഹോട്ടലുകളിൽ എൽപിജി, ഇന്ധന ചാർജുകൾ ഈടാക്കരുത്: കർശന നിർദേശവുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പരവൂർ: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണവിലയ്ക്ക് പുറമെ ഉപഭോക്താക്കളിൽ നിന്ന് എൽപിജി ചാർജ്, ഇന്ധനച്ചെലവ് വീണ്ടെടുക്കൽ തുടങ്ങിയ പേരുകളിൽ അധിക നിരക്കുകൾ ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശം നൽകി.
രാജ്യത്തുടനീളമുള്ള ഹോട്ടലുകളിൽ ഇത്തരം ചൂഷണങ്ങൾ നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അഥോറിറ്റിയുടെ അടിയന്തര ഇടപെടൽ. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അഥോറിറ്റി വ്യക്തമാക്കി.
നിലവിലുള്ള സേവനനിരക്ക് മാർഗനിർദേശങ്ങളെ മറികടക്കാനാണ് ഹോട്ടലുടമകൾ പുതിയ പേരുകളിൽ ഇത്തരം അധിക നിരക്കുകൾ ചുമത്തുന്നതെന്ന് സിസിപിഎ നിരീക്ഷിച്ചു. ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും മെനുവിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ നിയമപരമായ നികുതികൾ മാത്രമേ ചേർക്കാൻ പാടുള്ളൂ എന്ന് അഥോറിറ്റി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷണസാധനങ്ങൾ തയാറാക്കാനെടുക്കുന്ന ഇന്ധനച്ചെലവ് ഉൾപ്പെടെയുള്ള എല്ലാ ഇൻപുട്ട് ചെലവുകളും മെനുവിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയിൽ തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്. ബില്ലിൽ പ്രത്യേകമായി ഇത്തരം നിരക്കുകൾ ഈടാക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ്.
ഭക്ഷണ ബില്ലുകളിൽ ഇത്തരം അധിക ചാർജുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ നീക്കം ചെയ്യാൻ ഉപഭോക്താക്കൾക്ക് ഹോട്ടൽ അധികൃതരോട് നേരിട്ട് അഭ്യർഥിക്കാവുന്നതാണെന്ന് സിസിപിഎ അറിയിച്ചു. ഹോട്ടലുകൾ ഇതിന് തയാറാകാത്ത പക്ഷം ഉപഭോക്താക്കൾക്ക് പരാതി നൽകാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
1915 എന്ന നമ്പറിൽ വിളിച്ചോ, നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പ് വഴിയോ പരാതി രജിസ്റ്റർ ചെയ്യാം. ഇ-ജാഗ്രിതി ഓൺലൈൻ പോർട്ടൽ വഴി അതത് ഉപഭോക്തൃ കമ്മിഷന് മുൻപാകെ നേരിട്ട് പരാതികളും സമർപ്പിക്കാം.
ജില്ലാ കളക്ടർക്കോ സിസിപിഎക്കോ ഉപഭോക്താക്കൾക്ക് നേരിട്ടും പരാതി നൽകാവുന്നതാണ്.
രാജ്യത്തെ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇത്തരം തെറ്റായ പ്രവണതകൾക്കെതിരേ കർശനമായ നിരീക്ഷണം തുടരുമെന്നും അഥോറിറ്റി വ്യക്തമാക്കി.
إرسال تعليق