ജൂലൈ ഒന്ന് മുതൽ ഇരിട്ടിയിൽ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കും ;നടപടികളുടെ ഭാഗമായി സംയുക്ത പരിശോധന നടത്തി
ഇരിട്ടി: നഗരത്തിലെ ഗതാഗതം പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇരിട്ടി നഗരത്തിൽ പാർക്കിംങ് മേഖല നിശ്ചയിക്കുന്നതിനും നിലവിലുളള സംവിധാനം മാറ്റുന്നതിനും മറ്റുമായി നഗരസഭ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, വ്യാപാരികൾ, മോട്ടോർ ട്രേഡ് യൂണിയൻ സംഘടന ഭാരവാഹികൾ ഉൾപ്പെടെയുള്ള സംഘം സംയുക്ത പരിശോധന നടത്തി. ജൂലൈ ഒന്നു മുതൽ ആണ് നഗരത്തിൽ പുതിയ ഗതാഗത പരിഷ്കരണം നിലവിൽ വരുന്നത്.
ഇരട്ടി പാലം മുതൽ പയഞ്ചേരി മുക്ക് വരെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ എവിടെയൊക്കെയാണ് പാർക്ക് ചെയ്യാൻ സാധിക്കുക എന്നും എവിടെയാണ് ബസ്സുകൾ നിർത്തേണ്ടത് എന്നതിനെക്കുറിച്ചും സംഘം പരിശോധിച്ചു. അടുത്തദിവസം ട്രാഫിക് കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. തുടർന്ന് വിവിധ ഇടങ്ങളിൽ ബോർഡുകളും റോഡിൽ അടയാളപ്പെടുത്തലും നടത്തും. തുടർന്നാണ് നഗരത്തിൽ പരിഷ്‌ക്കാരം നടപ്പിലാക്കുക. മുൻപ് നിരവധി തവണ നഗരത്തിൽ ഗതാഗത പരിഷ്‌ക്കരണം നടത്തിയിരുന്നെങ്കിലും ഒരാഴ്ചക്കാലം കഴിയുമ്പോൾ വീണ്ടും പഴയ സ്ഥിതിയിലാവുന്ന അവസ്ഥയാണ് കണ്ടുവന്നിരുന്നത്. എന്നാൽ പുതുതായി നടത്തുന്ന പരിഷ്‌കാരങ്ങൾ കർശനമായും നടപ്പിലാക്കാനാണ് നഗരസഭയും പോലീസും മോട്ടോർ വാഹനവകുപ്പടക്കമുള്ള അധികാരികൾ തീരുമാനിച്ചിരിക്കുന്നത്.
നഗരത്തിലെ അനധികൃത വഴിയോര കച്ചവടവും നടപ്പാത കയ്യേറിയുള്ള വ്യാപാരവും കർശനമായി തടയും. റോഡരികിൽ അതിരാവിലെ വാഹനം കൊണ്ടിട്ട് ദൂരെ സ്ഥലങ്ങളിൽ ജോലിക്കും യാത്രയ്ക്കും പോയി മടങ്ങുന്നവർ സ്വകാര്യ വാഹന പേ - പാർക്കിങ് സൗകര്യം ഉപയോഗിക്കാതെ നടത്തുന്ന നിയമ ലംഘനം തടയും. നഗരത്തിനകത്ത് അംഗീകൃത പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്യാവുന്ന അംഗീകൃത സമയം അര മണിക്കുറായി നിജപ്പെടുത്തും. പുതിയ ബസ് സ്റ്റാൻഡ് റോഡ് ഇടതുവശം നോ പാർക്കിങ് ഏരിയ ആയും വലതുവശം ഓട്ടോ സ്റ്റാൻഡായും നിലനിർത്തും. താലൂക്ക് ഓഫീസ് കവല മുതൽ കല്യാൺ കട വരെ സ്വകാര്യ കാർ പാർക്കിങ്ങിനും, മിൽമ ബുത്ത് മുതൽ പഴയ ന്യൂ ഇന്ത്യാ ടാക്കീസ് കവല വരെ ഇരുചക്ര വാഹന പാർക്കിങ്ങിനും അര മണിക്കൂർ അനുവദിച്ചേക്കും. ട്രാഫിക് കുരുക്ക് ഒഴിവാക്കുന്നതിനായി പോലീസും മോട്ടർ വാഹന വകുപ്പും കർശന നിയമ നടപടികൾ സ്വീകരിക്കും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ബോർഡുകളും മറ്റും സ്ഥാപിക്കാനുമാണ് തീരുമാനം.
Post a Comment