ശുചിത്വം ഉറപ്പിക്കാൻ ഓപ്പറേഷൻ മണ്‍സൂണ്‍ ;75 സ്ഥാപനങ്ങള്‍ക്ക് പിഴ ,3 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്
കണ്ണൂർ : ജില്ലയില്‍ പകർച്ചവ്യാധികള്‍ പിടിമുറുക്കിയതോടെ ഭക്ഷണം, കുടിവെള്ളം എന്നിവയുടെ ശുചിത്വം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധന .
ഓപ്പറേഷൻ മണ്‍സൂണ്‍ എന്ന പേരില്‍ നടക്കുന്ന പരിശോധനയില്‍ 20 വരെ ജില്ലയിലെ 723 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 75 ഇടത്ത് നിന്നും പിഴ ഈടാക്കി.ഗുരുതര വീഴ്ച്ച കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.നിരവധി സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടിസും നല്‍കി.
ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജൂസ് കടകള്‍, തട്ടുകടകള്‍, കരിമ്പിൻ ജ്യൂസ് കടകളില്‍ ഉള്‍പ്പെടെയാണ് പരിശോധിക്കുന്നത്. ആരോഗ്യ ജാഗ്രത പ്രവർത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 94 സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 1108 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്തതും ശുചിത്വം കുറഞ്ഞതും ഹെല്‍ത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ 108 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗല്‍ നോട്ടിസ് നല്‍കി. ഒരു ഭക്ഷ്യ പാനീയ വില്‍പന ശാല അടച്ചുപൂട്ടാൻ നിർദേശിച്ചിട്ടുണ്ട്. ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും പൊതുജനങ്ങള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം മാത്രം ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികതർ പറഞ്ഞു .
സ്കൂള്‍ ഉച്ചഭക്ഷണകേന്ദ്രങ്ങളിലും പരിശോധന
സ്‌കൂള്‍ ഉച്ചഭക്ഷണ പാചകശാലകള്‍, വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, മറ്റു സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഭക്ഷണ നിർമ്മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് കുടിവെള്ളത്തിന്റെ സുരക്ഷിതത്വം, ജീവനക്കാരുടെ വ്യക്തിശുചിത്വം, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയും പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. ഹാർബറുകള്‍, മത്സ്യോത്പന്നങ്ങളുടെ മൊത്തചില്ലറ വില്‍പനശാലകള്‍ എന്നിവിടങ്ങളും പരിശോധിക്കുന്നുണ്ട്. മത്സ്യം സൂക്ഷിക്കാനും കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഐസിന്റെ സാമ്പിളുകളും പരിശോധനയ്ക്കയക്കും. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ നിർമ്മാണ യൂനിറ്റുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, കാർബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഉത്പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.
സ്ഥാപനങ്ങള്‍ക്ക് വേണം
ലൈസൻസ്
രജിസ്‌ട്രേഷൻ
ശുചിത്വ മാനദണ്ഡം പാലിക്കല്‍
വ്യക്തിശുചിത്വം
മെഡിക്കല്‍ ഫിറ്റ്നസ്സും
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പർ 1800 425 1125
ഗ്രീവൻസ് പോർട്ടല്‍ -https://www.eatright.foodsafety.kerala.gov.in
Post a Comment