Join News @ Iritty Whats App Group

കഫം അലിയിക്കാൻ ഉപയോഗിക്കുന്ന മരുന്ന് അബദ്ധത്തില്‍ കണ്ണില്‍ ഒഴിച്ചു; ജലദോഷത്തിന് ചികിത്സ തേടിയ കുഞ്ഞിന് കാഴ്ച നഷ്ടമായി; മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം

കഫം അലിയിക്കാൻ ഉപയോഗിക്കുന്ന മരുന്ന് അബദ്ധത്തില്‍ കണ്ണില്‍ ഒഴിച്ചു; ജലദോഷത്തിന് ചികിത്സ തേടിയ കുഞ്ഞിന് കാഴ്ച നഷ്ടമായി; മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം


ഭോപ്പാല്‍: ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ചശക്തി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. സംഭവം പ്രതിഷേധത്തിന് കാരണമായി. സാഗർ ജില്ലയിലെ ബന്ദ സിവില്‍ ആശുപത്രിയിലാണ് കുട്ടി ചികിത്സ തേടിയത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഭൂസ കമാല്‍പൂർ ഗ്രാമത്തിലെ താമസക്കാരനായ ഇന്ദ്രജ് വിശ്വകർമയാണ് ആശുപത്രിക്കെതിരെ പരാതി നല്‍കിയത്. കുടുംബത്തിന്റെ പരാതിപ്രകാരം, ഇന്ദ്രജിന്റെ മകനെ മേയ് 29ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ശിശു രോഗ വിദഗ്ധൻ കണ്ണില്‍ ഒഴിക്കാനുള്ള തുള്ളിമരുന്നും സിറപ്പും മരുന്നുകളും നിർദേശിച്ചു. എന്നാല്‍, ചികിത്സക്കിടെ കഫം അലിയിക്കാൻ ഉപയോഗിക്കുന്ന മരുന്ന് അബദ്ധത്തില്‍ കുട്ടിയുടെ കണ്ണില്‍ ഒഴിച്ചതാണ് ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് മാതാപിതാക്കളുടെ ആരോപണം.

തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായതായി പിതാവ് പറഞ്ഞു. എന്നാല്‍, കുട്ടി സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ മൂന്നു നാലുമണിക്കൂർ ആശുപത്രിയില്‍ തന്നെ തുടർന്നു. എന്നാല്‍, കുട്ടിയുടെ നില ഗുരുതരമായതോടെ സാഗർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഭോപാല്‍ എയിംസിലേക്കും മാറ്റി. അവിടെ പരിശോധന നടത്തിയ ഡോക്ടർമാർ കുട്ടിക്ക് കാഴ്ച പൂർണമായി നഷ്ടമായതായി അറിയിച്ചെന്ന് കുടുംബം പറയുന്നു.

ഉത്തരവാദികളായ ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടർന്ന് ആരോഗ്യവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒരാഴ്ചക്കുള്ളില്‍ റിപ്പോർട്ട് നല്‍കാനും നിർദേശിച്ചിട്ടുണ്ട്. കുട്ടിക്ക് നിർദേശിച്ച മരുന്ന്, യഥാർഥത്തില്‍ നല്‍കിയ മരുന്ന്, ചികിത്സയിലെ വീഴ്ച എന്നിവ സമിതി പരിശോധിക്കും.

കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സാഗർ ചീഫ് മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് ഓഫീസർ അറിയിച്ചു. പൊലീസും പ്രത്യേക അന്വേഷണം ആരംഭിച്ചു. ആരോപണങ്ങള്‍ ഇപ്പോള്‍ അന്വേഷിക്കുകയാണെന്നും ചികിത്സാപിഴവ് സംഭവിച്ചിട്ടുണ്ടോയെന്നത് അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.

സാഗറില്‍ നിന്ന് മെഡിക്കല്‍ അനാസ്ഥ സംബന്ധിച്ച ആദ്യത്തെ ആരോപണമല്ല ഇത്. ദിവസങ്ങള്‍ക്ക് മുമ്പ്, ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ ദേവേന്ദ്ര പഥക് എന്ന രോഗി മരിച്ചു. അനസ്തേഷ്യയുടെ അമിത അളവ് കാരണം അദ്ദേഹത്തിന്റെ നില വഷളായതായും നില ഗുരുതരമായതിനുശേഷം സമയബന്ധിതമായ ചികിത്സ നല്‍കിയില്ലെന്നും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ച്‌ രംഗത്തെത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group