Join News @ Iritty Whats App Group

പിലാത്തറയിലെ കാർ കവർച്ച; 25 ഗ്രാം സ്വർണം മാത്രമല്ല നഷ്ടമായത്, അന്വേഷണം സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക്, സിസിടിവി ദൃശ്യം പുറത്ത്

പിലാത്തറയിലെ കാർ കവർച്ച; 25 ഗ്രാം സ്വർണം മാത്രമല്ല നഷ്ടമായത്, അന്വേഷണം സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക്, സിസിടിവി ദൃശ്യം പുറത്ത്


കണ്ണൂർ: പിലാത്തറയിലെ കാർ കവർച്ചയിൽ അന്വേഷണം കണ്ണൂരും മലപ്പുറവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക്. അക്രമി സംഘം മഹാരാഷ്ട്ര സ്വദേശികളുടെ കാറിനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 25 ഗ്രാം സ്വർണം മാത്രമാണ് നഷ്ടമായതെന്ന് കാറിലുണ്ടായിരുന്ന കുമാർ ജലന്തർ നിഗം മൊഴി നൽകിയിരുന്നു. എന്നാൽ സീറ്റിനടിയിലെ രഹസ്യ അറയിൽ സൂക്ഷിച്ച 55 ലക്ഷം രൂപ കൂടി നഷ്ടമായതായി കാറിന്‍റെ ഉടമയും കുമാറിന്‍റെ സുഹൃത്തുമായ അശോക് യശ്വന്ത് പൊലീസിനോട് പറഞ്ഞു.

ഇന്നലെ രാവിലെ ആറു മണിയോടെ പിലാത്തറ കോപ്പറേറ്റീവ് കോളേജിന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഗ്രാൻഡ് വിറ്റാര കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ അങ്ങിങ്ങായി രക്തക്കറയുണ്ടായിരുന്നു. ചില്ലുകൾ തകർന്നിരുന്നു. പുറത്ത് തുറന്ന പെട്ടികളും വലിച്ചു വാരിയിട്ട വസ്ത്രങ്ങളും കണ്ടെത്തി. പിന്നാലെ പരിയാരം പൊലീസ് സ്ഥലത്ത് എത്തി. അക്രമികളെ കുറിച്ചോ കാറിൽ ഉണ്ടായിരുന്നവരെ കുറിച്ചോ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. എന്നാൽ മണിക്കൂറുകൾക്കകം തലശ്ശേരിയിൽ നിന്ന് നിർണായക വിവരം എത്തി. സ്വർണ വ്യാപാരിയായ അശോക് യശ്വന്തിന്റെതാണ് കാർ. കാറിൽ ഉണ്ടായിരുന്നത് സുഹൃത്തും സ്വർണ വ്യാപാരിയുമായ കുമാർ ജലിന്തർ സിങും കുടുംബവുമാണ്.

മുൻ സീറ്റിൽ കുഞ്ഞിനെ മടിയിൽ വച്ചിരിക്കുകയായിരുന്നു കുമാറിനെ കവർച്ചക്കാർ പിടിച്ചിറക്കിയെന്നാണ് മൊഴി. ഡ്രൈവർ സച്ചിനെയും ആക്രമിച്ചു. കാറുമായി മുന്നോട്ടു നീങ്ങിയ ആക്രമികൾ പിൻസീറ്റിൽ ഉണ്ടായിരുന്ന കുമാറിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും ഇറക്കി വിട്ടു. കാറുമായി പിലാത്തറയിലെ ഒഴിഞ്ഞ പറമ്പിലെത്തിയ ആക്രമി സംഘം കാർ ഉപേക്ഷിച്ചു മടങ്ങി. നടന്നും ഓട്ടോ പിടിച്ചും കുമാറും കുടുംബവും പയ്യന്നൂർ ബസ് സ്റ്റാൻഡിൽ എത്തി. തുടർന്ന് തലശ്ശേരിയിലേക്ക് പോയി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.

25 ഗ്രാം സ്വർണം നഷ്ടമായെന്ന് കുമാർ ജലിന്തർ സിങ് മൊഴി നൽകിയത്. എന്നാൽ 55 ലക്ഷം രൂപ കൂടി നഷ്ടമായതായി കാറിന്‍റെ ഉടമ പൊലീസിനോട് പറഞ്ഞു. പെരിന്തൽമണ്ണയിൽ സ്വർണ്ണക്കട നടത്തുന്ന കുമാർ ജലിന്ദർ നിഗത്തിന്റെയും കാർ ഉടമയായ അശോക് യശ്വന്തിന്റെയും സ്വർണ്ണ വ്യാപാരത്തെക്കുറിച്ച് അറിയുന്നവരാകാം അക്രമികൾ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അക്രമികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group