നെഞ്ചുപൊട്ടി രാജ്യം, നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുതലേന്ന് ജീവിതം അവസാനിപ്പിച്ച് 19കാരി; ആരും ഉത്തരവാദികളല്ലെന്ന് കുറിപ്പ്
ഹൈദരാബാദ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' എഴുതാനിരുന്ന പത്തൊൻപതുകാരിയെ ഹൈദരാബാദിലെ മിയാപൂരിൽ ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുതലേന്നാണ് ഈ ദാരുണ സംഭവം. ഷെയ്ഖ് സന എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. പഠനാവശ്യങ്ങൾക്കായി സഹോദരിമാർക്കൊപ്പം താമസിച്ചുവരികയായിരുന്നു സന. ഇവരുടെ പിതാവ് ഷെയ്ഖ് ജാഫർ ഹുസൈൻ കുവൈത്തിലാണ് ജോലി ചെയ്യുന്നത്.
മാതാവ് പത്ത് ദിവസം മുൻപ് പ്രൊദ്ദത്തൂരിലേക്ക് പോയിരുന്നു. പരീക്ഷാ സമ്മർദ്ദം, കുടുംബത്തിന്‍റെ പ്രതീക്ഷകൾ, മുൻപുണ്ടായ പരാജയങ്ങളെക്കുറിച്ചുള്ള ആശങ്ക എന്നിവ മൂലമുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.
അതിനിടെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമാനമായ ആത്മഹത്യാ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇരുപത്തിരണ്ടുകാരനായ നീറ്റ് ഉദ്യോഗാർത്ഥി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് മുൻപ് ചിത്രീകരിച്ച വീഡിയോയിൽ, പലതവണ ശ്രമിച്ചിട്ടും നീറ്റ് പരീക്ഷ വിജയിക്കാൻ കഴിയാത്തതിലുള്ള നിരാശ യുവാവ് പങ്കുവെച്ചിരുന്നു. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്. വ്യാഴാഴ്ച രാത്രി പഠിക്കാനായി മുറിയിലേക്ക് പോയ യുവാവിനെ പിറ്റേന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് വീഡിയോ ദൃശ്യങ്ങൾ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
മറ്റൊരു സംഭവത്തിൽ, ലഖ്നൗവിലെ ബസാർ ഖാല പൊലീസ് സ്റ്റേഷൻ പരിധിയിൽ സുഹാനി യാദവ് എന്ന പതിനേഴുകാരിയെയും കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ സുഹാനി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെന്നും വിജയിക്കുമെന്ന് പൂർണ്ണ പ്രതീക്ഷയുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
എന്നാൽ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതോടെ പെൺകുട്ടിയുടെ മാനസികാവസ്ഥ തകിടം മറിഞ്ഞു. ജൂൺ 21-ലെ പുനഃപരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾക്കിടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു സുഹാനിയെന്ന് റെയിൽവേ ഉദ്യോഗസ്ഥനായ പിതാവ് വ്യക്തമാക്കി. നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് നിലവിൽ സിബിഐ ആണ് ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. അടുത്ത ദിവസങ്ങളിലായി തുടർച്ചയായി ഉണ്ടാകുന്ന വിദ്യാർത്ഥി ആത്മഹത്യകൾ രക്ഷിതാക്കൾക്കിടയിലും ചൈൽഡ് ലൈൻ പ്രവർത്തകർക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
إرسال تعليق