Join News @ Iritty Whats App Group

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് 15 കോടിയുടെ പുകയില ഉത്പന്നങ്ങൾ, മതനേതാക്കളുടെ പിന്തുണ തേടി ആഭ്യന്തരമന്ത്രി

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് 15 കോടിയുടെ പുകയില ഉത്പന്നങ്ങൾ, മതനേതാക്കളുടെ പിന്തുണ തേടി ആഭ്യന്തരമന്ത്രി


കോഴിക്കോട്: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ലഹരിക്കെതിരെ കൂടുതൽ മതനേതാക്കളുടെ പിന്തുണ തേടുമെന്നും ജിഫ്രി തങ്ങളുമായി കൂടികാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരെയും എംപിമാരെയും അണിനിരത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് തൂഫാൻ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൂഫാൻ സ്ട്രൈക്ക്, തൂഫാൻ വാരിയർ, തൂഫാൻ കെയർ എന്നീ പദ്ധതികളും ഇതിന്റെ ഭാഗമായി ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. തൂഫാൻ വലിയ വിജയമാണെന്നും ജനങ്ങൾ തന്നെ ഇറങ്ങി പൊലീസിന് മയക്കുമരുന്ന് പിടിക്കൂടാൻ വിവരം നൽകുന്നുണ്ട്. രണ്ട് നൈജീരിയക്കാരെ ഉൾപ്പെടെ പൊലീസ് പിടികൂടിയിട്ടിണ്ട്. അതിഥി തൊഴിലാളികൾക്കായി മലയാളത്തിന് പുറമെ അന്യ ഭാഷകളിലും തൂഫാൻ പ്രചാരണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കൂട്ടിചേർത്തു.

കാന്തപുരവുമായി കൂടിക്കാഴ്ച്ച നടത്തി ചെന്നിത്തല

എല്ലാ വിഭാഗത്തിൻ്റെയും പിന്തുണ തൂഫാൻ പദ്ധതിക്ക് വേണമെന്നും അതിൻ്റെ ഭാഗമാണ് മർക്കസിലെത്തി കാന്തപുരവുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ചെന്നിത്തല തൂഫാൻ വാര്യർ ബാഡ്‌ജ് കാന്തപുരത്തെ അണിയിച്ചു. പള്ളികളിൽ ലഹരി വിരുദ്ധ ആഹ്വാനത്തിന് അഭ്യർത്ഥിച്ച ചെന്നിത്തലയ്ക്ക് കാന്തപുരം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. സർക്കാറിൻ്റേത് മാതൃക പ്രവർത്തനമാണെന്നും കാന്തപുരം കൂട്ടിചേർത്തു.

ആൾക്കൂട്ട വിചാരണയില്‍ പൊലീസിന് പരിശോധന നടത്താൻ നിർദ്ദേശം

കുറ്റ്യാടിയിലെ ആൾക്കൂട്ട വിചാരണയിലും ആഭ്യന്തരമന്ത്രി പ്രതികരിച്ചു. തൂഫാൻ ആൾക്കൂട്ട വിചാരണയ്ക്കുള്ളതല്ലെന്നും, ഇക്കാര്യത്തിൽ പൊലീസിന് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൂഫാന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, വിഷയത്തിൽ കൂടുതൽ അന്വേഷിച്ചു ന‍ടത്തിയ ശേഷം പ്രതികരിക്കാമെന്ന് പറ‍ഞ്ഞു. സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group