Join News @ Iritty Whats App Group

സമാധാനത്തിൻ്റെ മൂല്യം: ബാരലിന് 114 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

സമാധാനത്തിൻ്റെ മൂല്യം: ബാരലിന് 114 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി


ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാർ ഒപ്പുവെച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.66 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറിലുമെത്തി. ഇറാൻ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വില നേരിയ തോതിൽ ഉയർന്നെങ്കിലും കരാർ ഒപ്പുവെച്ചെന്ന് വ്യക്തമായതോടെ വില കുത്തനെ ഇടിയുകയായിരുന്നു.

യുദ്ധകാലത്ത് 114 ഡോളർ വരെ ഉയർന്ന ഇടത്ത് നിന്നാണ് വില 75 ഡോളറിലേക്ക് താഴുന്നത്. യുഎസും ഇറാനും ഒപ്പുവെച്ച 14 ഇന ധാരണാപത്രം അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ 60 ദിവസത്തെ ചർച്ചാ കാലാവധി ഉണ്ടാകും. ഈ സമയത്ത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നികുതികളില്ലാതെ ഇറാൻ അനുവദിക്കും. 30 ദിവസത്തിനുള്ളിൽ ഈ പാതയിലൂടെയുള്ള എണ്ണ-വാതക ഗതാഗതം പൂർണ്ണ ശേഷിയിൽ പുനഃസ്ഥാപിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. എണ്ണ വിപണി സജീവമാകുന്നതോടെ ക്ഷാമം മാറും.

ഇറാൻ്റെ ആണവ പദ്ധതി പോലുള്ള സങ്കീർണ്ണമായ വിഷയങ്ങൾ താൽക്കാലിക കരാറിൽ ഉൾപ്പെടുത്താതെ മാറ്റിവച്ചിരിക്കുകയാണ്. യുദ്ധക്കെടുതി നേരിടുന്ന ഇറാന്റെ പുനരുദ്ധാരണത്തിനായി അമേരിക്കയും പങ്കാളികളും ചേർന്ന് 300 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് തയ്യാറാക്കണമെന്നും കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതെല്ലാമാണ് ക്രൂഡ് ഓയിൽ വില കുറയാനും വിപണി വീണ്ടും സജീവമാകാനും കാരണം.

Post a Comment

أحدث أقدم
Join Our Whats App Group