പേരാവൂർ ഇനി മന്ത്രി മണ്ഡലം: കെ.പി. നൂറുദ്ദീന് ശേഷം സണ്ണി ജോസഫിലൂടെ പേരാവൂരിന് ലഭിച്ചത് വീണ്ടുമൊരു മന്ത്രിയെ
കെ.പി. നൂറുദ്ദീന് ശേഷം സണ്ണി ജോസഫിലൂടെ പേരാവൂരിന് ലഭിച്ചത് വീണ്ടുമൊരു മന്ത്രിയെ. കഴിഞ്ഞ മൂന്നു തവണയും സണ്ണി ജോസഫ് എംഎൽഎ മാത്രമായിരുന്നെങ്കിൽ നാലാം തവണ വിജയിച്ച ശേഷം മന്ത്രിയായാണ് മണ്ഡലത്തിൽ തിരിച്ചെത്തുന്നത്.
കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാരിച്ച ഉത്തരവാദിത്വത്തിനിടയിലായിരുന്നു ഇത്തവണത്തെ മത്സരം. കെ. സുധാകരന്റെ പിൻഗാമിയായി കഴിഞ്ഞ വർഷം മേയ് എട്ടിനാണ് സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റത്. കെപിസിസി പ്രസിഡന്റായിഒരു വർഷം പിന്നിടുന്പോഴാണ് സണ്ണി ജോസഫിനെ തേടി മന്ത്രിസ്ഥാനവുമെത്തിയത്. കണ്ണൂർ ജില്ലയ്ക്കുള്ള ഏക മന്ത്രിയാണ് സണ്ണി ജോസഫ്.
കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ. ശൈലജയെ മട്ടന്നൂരിൽനിന്ന് മാറ്റി പേരാവൂരിൽ സിപിഎം മത്സരിപ്പിച്ചതോടെ പേരാവൂർ മണ്ഡലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. രണ്ട് ജനകീയ എംഎൽഎമാർ തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു ഇത്തവണ പേരാവൂരിൽ നടന്നത്.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. കഴിഞ്ഞ നിയമസഭയിൽ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമായും കണ്ണൂർ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഭാര്യ. എൽസി ജോസഫ്. മക്കൾ: ആശ റോസ് (സഹകരണ ബാങ്ക് കോഴിക്കോട്), ഡോ. അഞ്ജുറോസ് (കോഴിക്കോട് മെഡിക്കൽ കോളജ്). മരുമക്കൾ: പ്രകാശ് മാത്യു (ബിസിനസ്) ഡോ. സാൻസ് ബൗസിലി (റേഡിയോളജിസ്റ്റ്).
Post a Comment