വ്യാപാരികൾക്ക് ആശ്വാസവുമായി എൻപിസിഐ; എല്ലാ യുപിഐ പേയ്മെന്റുകൾക്കും ഇനി ഒരൊറ്റ സൗണ്ട് ബോക്സ്
പരവൂർ: ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന രാജ്യത്തെ ലക്ഷക്കണക്കിന് വ്യാപാരികൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ സാങ്കേതികവിദ്യയുമായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).നിലവിൽ വിവിധ കമ്പനികളുടെ പേയ്മെന്റ് ആപ്പുകൾക്കായി വ്യാപാരികൾ കടകളിൽ വച്ചിരിക്കുന്ന ഒന്നിലധികം സൗണ്ട്ബോക്സുകൾക്ക് പകരം ഏത് ആപ്പ് വഴിയുള്ള ഇടപാടുകളും ഒരൊറ്റ ഉപകരണത്തിലൂടെ സ്ഥിരീകരിക്കാൻ സാധിക്കുന്ന “ഓൾ-ഇൻ-വൺ യുപിഐ സൗണ്ട്ബോക്സ്’ എൻപിസിഐ വികസിപ്പിച്ചു.
ക്യൂ ആർ കോഡ് ഏത് കമ്പനിയുടേതാണെങ്കിലും തടസമില്ലാതെ പേയ്മെന്റ് വിവരങ്ങൾ ശബ്ദസന്ദേശത്തിലൂടെ വ്യാപാരികളെ അറിയിക്കാൻ ഈ പുതിയ ഏകീകൃത സൗണ്ട്ബോക്സിന് സാധിക്കും. രാജ്യത്തെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് കമ്പനികളുമായി സഹകരിച്ച് ഇതിന്റെ പ്രാരംഭ ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും ഉപകരണം ഉടൻ തന്നെ വിപണിയിലെത്തുമെന്നും എൻപിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ വിവിധ ആപ്പുകളുടെ ക്യൂആർ കോഡുകൾക്കായി വ്യാപാരികൾ വ്യത്യസ്ത സൗണ്ട്ബോക്സുകളാണ് കടകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ഉപകരണത്തിനും പ്രതിമാസം 100 മുതൽ 150 രൂപ വരെ സബ്സ്ക്രിപ്ഷൻ തുകയായി വ്യാപാരികൾ നൽകേണ്ടി വരുന്നുണ്ട്.
ഒന്നിലധികം ഉപകരണങ്ങൾ വയ്ക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നു എന്ന പരാതി വ്യാപകമായിരുന്നു. പുതിയ ഇന്ററോപ്പറബിൾ സൗണ്ട്ബോക്സ് യാഥാർഥ്യമാകുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്ക് പൂർണമായി പരിഹാരമാകും. വ്യാപാരികൾക്ക് തങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു പ്രധാന ആപ്പിൽ ഈ ഉപകരണം രജിസ്റ്റർ ചെയ്ത ശേഷം മറ്റ് ആപ്പുകളുടെ ക്യൂആർ കോഡുകൾ ഇതിലേക്ക് ലിങ്ക് ചെയ്യാനാകും.
ഒരൊറ്റ ഉപകരണം മാത്രം മതിയെന്നതിനാൽ പ്രതിമാസ സബ്സ്ക്രിപ്ഷൻ ചെലവ് ഗണ്യമായി കുറയ്ക്കാനും കടകളിലെ മേശപ്പുറങ്ങളിൽ കൂടുതൽ സ്ഥലം ലാഭിക്കാനും ഇതിലൂടെ സാധിക്കും. വിപണിയിലെ മത്സരം കുറയ്ക്കാനും ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ജനകീയമാക്കാനും എൻപിസിഐയുടെ ഈ പുതിയ ചുവടുവയ്പ്പ് സഹായിക്കുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
إرسال تعليق