'യുഎഇയിൽ നിന്ന് പ്രവാസികളെ ഒഴിപ്പിക്കാൻ കപ്പൽ ഒരുങ്ങുന്നു' എന്ന വാർത്ത പ്രജരിക്കുന്നു; ഇന്ത്യയുമായി ധാരണയായെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി അധികൃതർ
ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ ഫുജൈറ തുറമുഖം വഴി ഒഴിപ്പിക്കാൻ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് വിഭാഗമാണ് വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി 'ഫേക്ക് ന്യൂസ് അലേർട്ട്' പുറപ്പെടുവിച്ചത്.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ, വിമാനയാത്ര തടസ്സപ്പെടുകയാണെങ്കിൽ ഇന്ത്യൻ തൊഴിലാളികളെ കപ്പൽ മാർഗ്ഗം നാട്ടിലെത്തിക്കാൻ ഫുജൈറ തുറമുഖം ഉപയോഗിക്കാൻ ഇന്ത്യ യുഎഇയുമായി കരാർ ഒപ്പിട്ടുവെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച റിപ്പോർട്ട്. ഈ വാർത്തയുടെ സ്‌ക്രീൻഷോട്ടുകൾ സഹിതം പങ്കുവെച്ചാണ് മന്ത്രാലയം ഇത് നിഷേധിച്ചത്.
പ്രവാസികളെ ഒഴിപ്പിക്കാൻ നിലവിൽ യാതൊരു പദ്ധതിയും മന്ത്രാലയത്തിന് മുന്നിലില്ല. അത്തരം വാർത്തകൾക്ക് വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രാലയം എക്സിൽ കുറിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കാൻ കാരണമാകും. ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
വാർത്ത നിഷേധിച്ചതിനെ പ്രവാസികൾ സ്വാഗതം ചെയ്തുവെങ്കിലും, ഇത്തരം ഗുരുതരമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നിട്ടുണ്ട്. വാർത്ത നിഷേധിച്ച് കൊണ്ടുള്ള കുറിപ്പ് കൊണ്ട് മാത്രം കാര്യമില്ലെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി വേണമെന്നും പലരും അഭിപ്രായപ്പെട്ടു.
ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് യുഎഇയിൽ താമസിക്കുന്നത്. മേഖലയിലെ സംഘർഷ സാഹചര്യങ്ങളിൽ പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഇന്ത്യൻ എംബസിയും കോൺസുലേറ്റും വഴിയായിരിക്കും അറിയിക്കുകയെന്ന് മന്ത്രാലയം ആവർത്തിച്ചു.
إرسال تعليق