കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഒപ്പം ലഡുവും പാൽപ്പായസവും! ഭരണം ഉറപ്പിച്ച് യുഡിഎഫ് നേതൃത്വം, ആഘോഷം പൊടിപാറിക്കാൻ വമ്പൻ ഒരുക്കം
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം. തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് ഇതിനോടകം തന്നെ പന്തൽ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി വിതരണം ചെയ്യാൻ വൻതോതിൽ ലഡുവിനും പാൽപ്പായസത്തിനും ഓർഡർ നൽകിക്കഴിഞ്ഞതായും യു ഡി എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങളും താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളും അനുകൂലമാണെന്ന വിലയിരുത്തലിലാണ് വൻ ആഘോഷത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. 10 വർഷങ്ങൾക്കിപ്പുറം കേരള ഭരണം പിടിക്കുമെന്ന് ഉറപ്പാണെന്നാണ് കോൺഗ്രസ് നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നത്. എക്സിറ്റ്പോളുകളും കേരളത്തിൽ യു ഡി എഫ് ഭരണത്തിലേറുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ നാളെ രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന വ്യക്തമായ ട്രെൻഡ് ലഭ്യമായേക്കും.
യു ഡി എഫ് ഭരണം പിടിച്ചാൽ തീരുമാനം അതിവേഗത്തിലാകും
യു ഡി എഫിന് അനുകൂലമാണ് കേരള ജനതയുടെ വിധിയെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിലടക്കമുള്ള കാര്യങ്ങൾ അതിവേഗത്തിലാകുമെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുള്ളത്. ഫലം അനുകൂലമെങ്കിൽ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നാളെ തന്നെ കേരളത്തിലെത്തും. നിയുക്ത എം എല്‍ എമാരുടെ പിന്തുണ തേടുന്നതടക്കം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. കേരളത്തിൽ 85നും 90 നുമിടയില്‍ സീറ്റുകളോടെ അധികാരത്തിലേറാമെന്നാണ് എ ഐ സി സിയുടെ പ്രതീക്ഷ. ഫലം അനുകൂലമെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം വൈകേണ്ടതില്ലെന്നാണ് കണക്ക് കൂട്ടുന്നത്. സച്ചിന്‍ പൈലറ്റ്, ഇമ്രാന്‍ പ്രതാപ് ഗഡി എം പി, കര്‍ണ്ണാടകത്തിലെ മന്ത്രി കെ ജെ ജോര്‍ജ്, കനയ്യ കുമാര്‍ എന്നിവരടങ്ങുന്ന നിരീക്ഷക സംഘം നാളെ തന്നെ തിരുവനന്തപുരത്ത് എത്തും. നിയുക്ത എം എല്‍ എമാരുടെ മനസറിഞ്ഞ ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഘടകകക്ഷികളുമായി ഫലം വന്ന ശേഷം ഒരു വട്ടം കൂടി ഹൈക്കമാന്‍ഡ് നേതൃത്വം സംസാരിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭൂരിപക്ഷം ഉണ്ടാകുമെന്നും, വിജയം ഉറപ്പെന്നും കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി വ്യക്തമാക്കി.
إرسال تعليق