നാൽപതു വർഷം മുൻപ് തോൽപ്പിച്ച ആന്റണി വിളിച്ചു; സതീശൻ ഫോണെടുത്തു
ആലപ്പുഴ: നാലു പതിറ്റാണ്ട് മുൻപ് താൻ തോൽപ്പിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ കൈതവന മംഗലത്ത് ആന്റണി എം. ജോൺ. 1985 മാർച്ച് ഒന്നിനാണ് ആന്റണിയോട് നിയുക്ത മുഖ്യമന്ത്രി തോൽവി ഏറ്റുവാങ്ങിയത്.
വേദി… മഹാത്മാഗാന്ധി സർവകലാശാലാ പ്രഥമ യൂണിയൻ തെരഞ്ഞെടുപ്പ്. ഒറ്റയ്ക്ക് മത്സരിച്ച കെഎസ്യുവിന്റെ ചെയർമാൻ സ്ഥാനാർഥി തേവര എസ്എച്ച് കോളജിലെ ബിരുദ വിദ്യാർഥി വി.ഡി. സതീശൻ. എതിരാളി കെഎസ്സി-എം – എസ്എഫ്ഐ സഖ്യ സ്ഥാനാർഥി ചങ്ങനാശേരി എസ്ബി കോളജിലെ പിജി വിദ്യാർഥി ആന്റണി എം. ജോൺ.
സതീശനായി വിദ്യാർഥി നേതാക്കളായ ജോസഫ് വാഴയ്ക്കൻ, അജയ് തറയിൽ, സി.കെ. ജീവൻ എന്നിവർ പ്രചാരണരംഗത്ത്. ആന്റണിക്കായി പടനയിച്ചത് കെഎസ്സി-എം സംസ്ഥാന പ്രസിഡന്റ് ഡിജോ കാപ്പൻ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. ശിവൻകുട്ടി തുടങ്ങിയ പ്രമുഖർ. സർവകലാശാലയ്ക്ക് കീഴിലെ 58 കോളജുകളിൽനിന്നുള്ള 115 കൗൺസിലർമാരായിരുന്നു വോട്ടർമാർ. ഫലം വന്നപ്പോൾ കെഎസ്സി-എം പ്രതിനിധി ആന്റണിക്ക് 62 വോട്ടും സതീശന് 53 വോട്ടും ലഭിച്ചു.
ഒൻപത് വോട്ടിന് സതീശനെ തോൽപ്പിച്ച് ആന്റണി സർവകലാശാലാ യൂണിയൻ ചെയർമാനായി.അന്ന് തോറ്റും ജയിച്ചും തുടങ്ങിയ സൗഹൃദം സതീശനും ആന്റണിയും ഇന്നും തുടരുന്നു. മുഖ്യമന്ത്രി പദവി ലഭിച്ച വിവരമറിഞ്ഞപ്പോൾ തന്നെ സതീശനെ ആന്റണി ഫോണിൽ വിളിച്ചു.
തന്നെ തോൽപ്പിച്ച സുഹൃത്തിന്റെ ഫോണെടുത്ത നിയുക്ത മുഖ്യമന്ത്രി സ്ഥാനലബ്ധിയിൽ സന്തോഷം പങ്കുവച്ചു. ഇന്റർ കൊളീജിയറ്റ് പ്രസംഗ മത്സരങ്ങളിൽ തങ്ങൾ രണ്ടുപേരും വിജയികളായിരുന്നുവെന്ന് ആന്റണി പറഞ്ഞു. നിയമസഭാ ഫലപ്രഖ്യാപനത്തിന്റെ തലേന്ന് ഡിജോ കാപ്പന്റെ സംസ്കാരച്ചടങ്ങിൽ വച്ച് ഇരുവരും നേരിൽ കണ്ട് സൗഹൃദം പുതുക്കിയിരുന്നു.
Post a Comment