‘നാട്ടുകാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്’; തന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; പൈലറ്റ് വാഹനം മാത്രം മതി; എസ്‌കോട്ട് വാഹനമെങ്കിലും ഇല്ലാതെ പറ്റില്ലെന്ന് പൊലീസ്
തന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ യാത്രച്ചൊല്ലി ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കര്‍ശന നിര്‍ദേശമാണ് വി.ഡി. സതീശന്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോട്ട്്, പൈലറ്റ് വാഹനങ്ങള്‍ മാത്രമായിരിക്കും ഇനി അകമ്പടി നല്‍കുക. തന്റെ യാത്രകള്‍ക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രം മതിയെന്നാണ് വി.ഡി. സതീശന്‍ അറിയിച്ചിരുന്നത്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും സാധാരണക്കാരനെപ്പോലെ, നേരത്തെ സഞ്ചരിച്ചിരുന്ന രീതിയില്‍ തനിക്ക് പോയാല്‍ മതിയെന്നും നിയുക്ത മുഖ്യമന്ത്രി പൊലീസ് മേധാവികളെ അറിയിച്ചിരുന്നു. എന്നാല്‍ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തില്‍ ഒതുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. അതിനാല്‍ എസ്‌കോട്ട് വാഹനം കൂടി മുഖ്യമന്ത്രിയ്ക്ക് അകമ്പടിയുണ്ടായിരിക്കും.
മുഖ്യമന്ത്രിയായുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് വി.ഡി. സതീശന്‍ നടത്തിയ യാത്രകളില്‍ പൊലീസ് കനത്ത സുരക്ഷ എല്ലായിടത്തും ഒരുക്കിയിരുന്നു. ഇതുമുലം പലയിടങ്ങളിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരമൊരു നിര്‍ദേശം നിയുക്തമുഖ്യമന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നത്.
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം പലകുറി വിമര്‍ശനങ്ങള്‍ക്ക് വിധേയമായതാണ്. ആംബുലന്‍സും സ്ഥിരമായ നാല് എസ്‌കോര്‍ട്ടും പ്രാദേശിക പൈലറ്റ് വാഹനവുമടക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കറുത്ത കിയ’ കാറിലെ യാത്രകള്‍ പലകുറി ചര്‍ച്ചയായതാണ്.
Post a Comment