Join News @ Iritty Whats App Group

മരിക്കുന്നത് ഏറെയും കുഞ്ഞുങ്ങൾ, കേരളത്തിൽ പാമ്പുകടി മരണങ്ങൾ പൂജ്യത്തിലെത്തിക്കും; ആരോഗ്യമന്ത്രി കെ. മുരളീധരൻ

മരിക്കുന്നത് ഏറെയും കുഞ്ഞുങ്ങൾ, കേരളത്തിൽ പാമ്പുകടി മരണങ്ങൾ പൂജ്യത്തിലെത്തിക്കും; ആരോഗ്യമന്ത്രി കെ. മുരളീധരൻ


തിരുവനന്തപുരം: സംസ്ഥാനത്തെ പാമ്പുകടി മരണങ്ങൾ പൂജ്യമാക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്ന് ആരോഗ്യവുകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. കേരളം പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാനമായിരിക്കെ പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങൾ ഇപ്പോഴും തുടരുന്നത് ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ പാമ്പുകടിയേറ്റ് മരണങ്ങൾ പൂജ്യത്തിലേക്ക് കുറയ്ക്കുന്നതിനായുള്ള ശാസ്ത്രീയവും നയപരവുമായ ഇടപെടലുകൾ ചർച്ച ചെയ്യുന്നതിനായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേക്ക് ബൈറ്റ് എൻവെനമിംഗ് മാനേജ്മെന്‍റ് എന്ന വിഷയത്തിലുള്ള ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 20 ഓളം പേർ പാമ്പുകടിയേറ്റ് മരണപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജീവനും നഷ്ടപ്പെടാൻ പാടില്ലെന്നതാണ് സർക്കാരിന്റെ നിലപാട്. പാമ്പുകടിയേറ്റ് മരണമടയുന്നതിൽ കൂടുതലും കുഞ്ഞുങ്ങളാണ് എന്നത് ഈ വിഷയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പാമ്പുകടിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സെമിനാർ സംഘടിപ്പിച്ചതിൽ മന്ത്രി ആരോഗ്യ സർവകലാശാലയെ അഭിനന്ദിച്ചു. താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ഡോക്ട‌ർമാരുടെയും നഴ്‌സുമാരുടെയും സേവനവും മന്ത്രി പ്രശംസിച്ചു. അതേസമയം പാർശ്വഫലങ്ങൾ ഭയന്ന് വിഷ ചികിത്സ നൽകാൻ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാർശ്വഫലങ്ങളെ ഭയക്കാതെ ചികിത്സിക്കാനുള്ള സംവിധാനങ്ങൾ പ്രാഥമിക തലം മുതൽ നടപ്പിലാക്കും.

മെഡിക്കൽ കോളേജ് സ്കൂൾ ഓഫ് പബ്ളിക് ഹെൽത്തിൽ നടന്ന സെമിനാറിൽ കേരളാ ആരോഗ്യ- ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. പാമ്പു കടി നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനത്തിന് ആവശ്യമായ വൈദ്യശാസ്ത്ര ഗവേഷണ വൈദഗ്ദ്ധ്യം സംസ്ഥാനത്ത് രൂപപ്പെടുത്തുന്നതിൽ ആരോഗ്യ സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഡോ യു അനുജ, രജിസ്ട്രാർ ഡോ എസ് ഗോപകുമാർ, തിരുവനന്തപുരം ഡി എം ഒ ഡോ ബിന്ദു മോഹൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ പി കെ ജബ്ബാർ, ഗവ നഴ്‌സിംഗ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ കെ ജി സ്വപ്ന, സ്കൂൾ ഓഫ് പബ്ളിക് ഹെൽത്ത് പ്രൊഫസർ ഡോ തോമസ് മാത്യു എന്നിവർ സംസാരിച്ചു. ഐ സി എം ആർ മുൻ എമിരിറ്റസ് പ്രൊഫസർ ഡോ നിഷിഗന്ധ നായിക്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി ബി ടി റിസർച്ച് അസോസിയേറ്റ് ഡോ സന്ദീപ് ദാസ്, ഡി ബി ടി ഇന്ത്യ അലയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ കാർത്തിക് സുനഗർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു

Post a Comment

أحدث أقدم
Join Our Whats App Group