Join News @ Iritty Whats App Group

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഭാവിയുണ്ടാകില്ല; ബദല്‍ ഇന്ധനങ്ങളിലേക്ക് മാറാൻ നിതിൻ ഗഡ്കരിയുടെ മുന്നറിയിപ്പ്

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഭാവിയുണ്ടാകില്ല; ബദല്‍ ഇന്ധനങ്ങളിലേക്ക് മാറാൻ നിതിൻ ഗഡ്കരിയുടെ മുന്നറിയിപ്പ്


ന്യൂഡല്‍ഹി: ഭാവിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.

പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ബദല്‍ ഇന്ധനങ്ങളിലേക്ക് വാഹന നിർമാതാക്കള്‍ എത്രയും വേഗം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ബസ്വേള്‍ഡ് ഇന്ത്യ കോണ്‍ക്ലേവ് 2025'-ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിഎൻജി, എല്‍എൻജി, ബയോ ഫ്യൂവലുകള്‍, ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവയിലേക്ക് കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി രാജ്യത്തിന് വലിയ സാമ്പത്തിക ഭാരവും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

ഭാവിയിലെ ഇന്ധനം ഹൈഡ്രജനാണ്. രാജ്യത്തെ 10 പ്രധാന റൂട്ടുകളില്‍ ഹൈഡ്രജൻ ട്രക്കുകളും ബസുകളും പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ചു തുടങ്ങിയിട്ടുണ്ട്. ടാറ്റാ മോട്ടോഴ്സ്, വോള്‍വോ, അശോക് ലെയ്ലൻഡ് തുടങ്ങിയ മുൻനിര കമ്പനികള്‍ ഈ പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. ഇന്ത്യയില്‍ സുലഭമായി നിർമ്മിക്കാൻ കഴിയുന്ന എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്ലെക്സ്-ഫ്യൂവല്‍ എഞ്ചിനുകള്‍ വികസിപ്പിക്കാൻ നിർമാതാക്കള്‍ തയ്യാറാകണം.

ബസുകളുടെ ബോഡി നിർമ്മാണത്തിലും സുരക്ഷയിലും ഇനി സ്വയം സാക്ഷ്യപ്പെടുത്തല്‍ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിസിക്കല്‍, വീഡിയോ പരിശോധനകള്‍ക്ക് ശേഷം മാത്രമേ 'വാഹൻ' പോർട്ടലില്‍ രജിസ്ട്രേഷൻ അനുവദിക്കൂ. ഗുണമേന്മയ്ക്കും സുരക്ഷയ്ക്കുമായിരിക്കണം കമ്പനികള്‍ മുൻഗണന നല്‍കേണ്ടത്.

അടുത്ത മൂന്ന് വർഷത്തിനുള്ളില്‍ രാജ്യത്ത് 1.5 ലക്ഷം ഇലക്‌ട്രിക് ബസുകളുടെ ആവശ്യകത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നിലവില്‍ പ്രതിവർഷം 70,000 ബസുകള്‍ നിർമ്മിക്കാനുള്ള ശേഷി മാത്രമേ ഇന്ത്യയ്ക്കുള്ളൂ. ഈ വിടവ് നികത്താൻ നിർമ്മാതാക്കള്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group