Join News @ Iritty Whats App Group

തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാനപാതയില്‍ ഭീഷണിയായി മരക്കൊമ്പുകള്‍

തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാനപാതയില്‍ ഭീഷണിയായി മരക്കൊമ്പുകള്‍


ശ്രീകണ്ഠപുരം: തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയില്‍ മരങ്ങളുടെ ശിഖരങ്ങള്‍ ഭീഷണി. റോഡിലേക്ക് വ്യാപിച്ചുകിടക്കുന്ന ശിഖരങ്ങള്‍ ബസില്‍ യാത്ര ചെയ്യുന്നവർക്കാണ് കൂടുതല്‍ ശല്യമായി മാറുന്നത്.

ബസിന്റെ സൈഡിലിരിക്കുന്ന യാത്രക്കാരുടെ മുഖത്തേക്ക് വരെ വൻമരങ്ങളുടെ കൊമ്പുകള്‍ തട്ടുന്നുണ്ട്. ചിലപ്പോള്‍ കണ്ണിലേക്ക് മുട്ടുകയും പൊടികയറുകയും ചെയ്യുന്നു. പല യാത്രക്കാരും ഇതില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെടാറുള്ളത്.
വന്മരങ്ങളുടെ വലിയ കൊമ്പുകളും ഇലക്കൂട്ടങ്ങളും റോഡിന്റെ ഭൂരിഭാഗവും മൂടിക്കിടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായാണ് പരാതി. ഡ്രൈവർമാർക്കും ഇത് ശല്യമാണ്. ദിവസവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. കരിമ്പം മുതല്‍ വളക്കൈ വരെയും, നിടുവാലൂർ മുതല്‍ ചേരൻകുന്ന് വരെയും മരങ്ങളുടെ കൊമ്പുകള്‍ റോഡിലേക്ക് കയറിയ നിലയിലാണ്. സ്‌കൂള്‍ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ചരക്കുവാഹനങ്ങള്‍ തുടങ്ങി വിവിധ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡായതിനാല്‍ അപകടസാദ്ധ്യതയും വർദ്ധിച്ചിരിക്കുകയാണ്.

മഴക്കാലത്ത് ദുരിതം ഇരട്ടിയാകും

സംസ്ഥാന പാതയില്‍ കടപുഴകി വീഴാൻ സാദ്ധ്യയുള്ള മരങ്ങളും ഉള്ളതിനാല്‍ ഭീതിയോടെയാണ് യാത്രക്കാർ കടന്നുപോകുന്നത്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞുവീഴുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഗതാഗതം തന്നെ തടസപ്പെടാനും സാദ്ധ്യതയുണ്ട്.

വൈദ്യുതി ബന്ധവും

തകരാറിലാകും

ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയില്‍ മരങ്ങളുടെ ശിഖരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് വീഴുന്നത് പതിവാണ്. ഇതുമൂലം പലപ്പോഴും വൈദ്യുതി തടസ്സപ്പെടുന്നു. കാലവർഷക്കാലമാണ് ജനങ്ങള്‍ ഏറെ ദുരിതം അനുഭവിക്കുന്നത്. കരിമ്പം, ചേരൻകുന്ന്, നിടുവാലൂർ ഭാഗങ്ങളിലെ മരങ്ങളുടെ കൊമ്പുകളാണ് റോഡിലേക്ക് തള്ളി അപകടഭീഷണി ഉയർത്തുന്നത്. മരം കടപുഴകി വീണാല്‍ പ്രദേശത്തെ ഒട്ടേറെ വൈദ്യുതി തൂണുകള്‍ നിലംപൊത്തുമെന്നും ആശങ്കയുണ്ട്.

നാട്ടുകാരും യാത്രക്കാരും മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. റോഡരികിലെ കാടും മരശിഖരങ്ങളും അടിയന്തരമായി വെട്ടിമാറ്റി യാത്രാസുരക്ഷ ഉറപ്പാക്കണം.

Post a Comment

أحدث أقدم
Join Our Whats App Group