'ജനവിധിയെ മാനിക്കുന്നു, ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് തുടര്‍ന്നും മുന്നോട്ടുപോകും'; കെ.കെ രാഗേഷ്
കണ്ണൂര്‍: ജനവിധിയെ മാനിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും.
ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് തുടർന്നും മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് തുടർ ഭരണം പ്രതീക്ഷിച്ചുവെങ്കിലും ജനങ്ങള്‍ വിധിയെഴുതിയത് മറ്റൊന്നായിരുന്നു. എന്നാല്‍ ആ ജനവിധിയെ തങ്ങള്‍ പൂർണമായി മാനിക്കുന്നുമെന്നും കെ.കെ രാഗേഷ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി സമാനതകളില്ലാത്ത വികസന-ക്ഷേമപ്രവർത്തനങ്ങളുടെ അഭിമാനകരമായ നേട്ടങ്ങള്‍ രാജ്യത്തിനുമുമ്പില്‍ ഉയർത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളം. പ്രതിസന്ധികളുടെ പരമ്പരതന്നെ നമുക്ക് നേരിടേണ്ടിവന്നു.
ജനങ്ങള്‍ തന്ന കരുത്തില്‍ എല്ലാം അതിജീവിച്ച് ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് തുടർഭരണവും നേടി. ഇത്തരമൊരു പശ്ചാത്തലത്തില്‍ തിളക്കമാർന്ന ഒരു വിജയം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചുവെങ്കിലും ജനങ്ങളുടെ വിധിയെഴുത്ത് മറ്റൊന്നായിരുന്നു.
ജനവിധി മാനിക്കുന്നു. ഇടതുപക്ഷത്തിന്‍റെ ശരികളെ രാജ്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ജനവിരുദ്ധനയങ്ങള്‍ രാജ്യത്തെ അപകടകരമാംവിധം വരിഞ്ഞുമുറുക്കുമ്പോള്‍ ആ ശരികളെ രാജ്യം ചർച്ച ചെയ്യുന്നുണ്ട്. പ്രതീക്ഷയുടെ ഒരു തുരുത്തായി ഇടതുപക്ഷം എന്നും ഇവിടെയുണ്ടാകും.
ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് തുടർന്നും മുന്നോട്ടുപോകും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് പരിശോധിക്കും. ദൗർബല്യങ്ങള്‍ പരിഹരിക്കും, തിരുത്തേണ്ടവ തിരുത്തും. ഇടതുപക്ഷത്തോടൊപ്പം നിന്ന മുഴുവൻ ജനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍.
അതേസമയം സംസ്ഥാനത്ത് യു.ഡി.എഫ് അധികാരം ഉറപ്പിച്ചതോടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ് ഹൈക്കമാൻഡ്. ഇതിനായി പാർട്ടി നിയോഗിക്കുന്ന മുതിർന്ന നിരീക്ഷകർ ഉടൻ കേരളത്തിലെത്തും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തും. അവരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.
إرسال تعليق