മഴക്കാല രോഗങ്ങളെ ചെറുക്കൽ;ജനകീയ ശുചീകരണവുമായി തദ്ദേശ സ്ഥാപനങ്ങൾ
ഇരിട്ടി: പൊതുവിടങ്ങൾ ശുചീകരിച്ചുകൊണ്ട് മഴക്കാല രോഗങ്ങളെ ചെറുക്കാനുള്ള നടപടികളുമായി മലയോരത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുൻകരുതലുകൾ തുടങ്ങി. മാലിന്യങ്ങൾ വലിച്ചെറിയുന്ന പൊതു ഇടങ്ങളും തോടുകളും ഓവുചാലുകളും മറ്റ് ജലാശയങ്ങളും ശുചീകരിച്ചു. റോഡിന് ഇരുവശങ്ങളിലേയും കാടുകൾ വെട്ടിതെളിച്ച് മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു. മലയോര മേഖലകളിൽ റബർടാപ്പിംങ്ങ് മേഖലകളിൽ മഴവെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബോധവത്ക്കരണം നടത്തി. മഴക്കാലത്ത് സാധാരണായി കണ്ടുവരുന്ന ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനും ഈഡീസ് കൊതുകിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾക്കും തുടക്കംകുറിച്ചു.
ഇരിട്ടി നഗരസഭയിൽ നടന്ന മെഗാശുചികരണത്തിന്റെ ഭാഗമായി സംസ്ഥാന ഹൈവേയുടെ കളറോഡ് പാലം മുതൽ ഇരിട്ടി പാലം വരെയും പേരാവൂർ റോഡിൽ ഊവ്വാപ്പള്ളി വരെയുള്ള റോഡിന്റെ ഇരുവശത്തും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളും മറ്റ് പാഴ് വസ്തുക്കളും ശേഖരിച്ചു. റോഡിന് ഇരുവശത്തുമുള്ള കാടുകളും വെട്ടിമാറ്റി. വിവിധ റീച്ചുകളായി തിരിച്ചാണ് ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്. കൗൺസിലർമാർ, പൊതുപ്രവർത്തകർ, ഹരിതസേന അംഗങ്ങൾ, കുടുംബശ്രി പ്രവർത്തകർ, ചുമട്ട് തൊഴിലാളികൾ തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ സേനാ പ്രവർത്തകർ, വ്യാപാരികൾ, നഗരസഭ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ മെഗാശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. മഴക്കാലപൂർവ്വ ശുചികരണത്തിന്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ വീടകളും കടകളും സ്ഥാപനങ്ങളും വാർഡുകളിലെ പൊതുസ്ഥലങ്ങളും ശുചികരിച്ചു.
നഗരസഭയിലെ മെഗാശുചീകരണത്തിന്റെ ഉദ്ഘാടനം ഇരിട്ടിയിൽ നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ നിർവ്വഹിച്ചു. വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി.അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഷാജി, കൗൺസിലർമാരായ പി.എ. നസീർ, സി.വി. സുധാകരൻ എന്നിവർ സംസാരിച്ചു.
إرسال تعليق