ഭാര്യയെ കെ.എസ്.ആര്‍.ടി.സിയില്‍ വിട്ട് ഭര്‍ത്താവ് സ്വകാര്യബസില്‍ വരില്ല; ഞങ്ങളുടെ പുരുഷയാത്രക്കാരും പോകും; ഈ ബസുകളൊക്കെ ഞങ്ങളെന്ത് ചെയ്യും? വിദ്യാര്‍ഥികള്‍ നല്‍കുന്ന ഒരു രൂപ കൊണ്ട് ഈ വ്യവസായം എങ്ങനെ മുന്നോട്ടു പോകും? സൗജന്യയാത്രക്കെതിരെ സ്വകാര്യ ബസുടമകള്‍
പാലക്കാട്: സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസി ബസില്‍ സൗജന്യ യാത്ര നല്‍കാനുള്ള യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍.
പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ വ്യക്തമാക്കി.
സൗജന്യ യാത്ര നടപ്പാക്കിയ കര്‍ണാടകയില്‍ സ്വകാര്യ ബസ് ഉടമകള്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. 30ഉം 40ഉം ലക്ഷം രൂപ കൊടുത്ത് വാങ്ങിയ സ്വകാര്യ ബസുകള്‍ പലരും 10 -15 ലക്ഷത്തിന് വിറ്റൊഴിവാക്കുകയാണ്. ഇത്രയും മുതലിറക്കിയ ഞങ്ങളുടെ ഈ ബസുകളൊക്കെ എന്ത് ചെയ്യും? അത് കൂടി സര്‍ക്കാര്‍ പരിശോധിക്കണം. ഞങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുക്കണം. ഞങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്‌ആര്‍ടിസിയുടെ കണക്കുപ്രകാരം 19 ലക്ഷം സ്ത്രീകള്‍ കെഎസ്‌ആര്‍ടിസിയില്‍ സഞ്ചരിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ അതിന്റെ മൂന്നിരട്ടി പേര്‍ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നുണ്ടാവും. അവര്‍ 3500 ബസ് ഓടിക്കുമ്പോള്‍ ഞങ്ങള്‍ ഒന്‍പതിനായിരത്തോളം ബസുകള്‍ ഓടിക്കുന്നുണ്ട്. അവരെക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ ഞങ്ങളുടെ ബസ്സില്‍ കയറുന്നുണ്ട്. അവരുടെ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് തുടങ്ങിയ ബസുകളില്‍ സീറ്റിങ് യാത്രക്കാര്‍ മാത്രമേ ഉള്ളൂ. ഞങ്ങള്‍ രാവിലെയും വൈകുന്നേരവും നിറയെ ആളുകളുമായാണ് ഓടുന്നത്. ദിവസം ഒരു ലക്ഷത്തിലധികം യാത്രക്കാരില്‍ 70,000 യാത്രക്കാരും സ്ത്രീകളാണ്. പിന്നെ ഒരുരൂപ നല്‍കുന്ന വിദ്യാര്‍ഥികളാണ്.
സൗജന്യം നല്‍കിയാല്‍ സ്ത്രീകള്‍ മാത്രമല്ല പോവുക. വീട്ടില്‍ നിന്ന് ഭാര്യയും ഭര്‍ത്താവും കൂടി പോകുമ്പോള്‍ ഭാര്യയെ കെഎസ്‌ആര്‍ടിസിയില്‍ വിട്ടിട്ട് ഭര്‍ത്താവ് പ്രൈവറ്റിലേക്ക് വരില്ല. അവര്‍ രണ്ടുപേരും അതില്‍ പോകും. അപ്പോള്‍ ഞങ്ങളുടെ പുരുഷ യാത്രക്കാരും സ്വാഭാവികമായി ഇല്ലാതാകും. പിന്നെ ബാക്കിയുള്ള വിദ്യാര്‍ത്ഥികളെ മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടുക. ഒരുരൂപ നല്‍കുന്ന അവരുമായി എങ്ങനെ ഈ വ്യവസായം മുന്നോട്ടു പോകും? ഇത് നടപ്പിലാക്കിയാല്‍ വലിയ പ്രതിസന്ധിയിലേക്ക് ബസ് വ്യവസായം പോകും. ഏതു നിമിഷവും ഡീസല്‍, പെട്രോള്‍ വില വര്‍ദ്ധിക്കും. അതുകൂടി വന്നാല്‍ പ്രത്യാഘാതം വലുതാകും.
രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അത്തരം വാഗ്ദാനങ്ങള്‍ നല്‍കും. നമ്മുടെ നാട്ടില്‍ നിലവില്‍ ബസ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എത്തരത്തില്‍ ബാധിക്കുമെന്നൊരു ചര്‍ച്ച നടത്താതെ ഗവണ്‍മെന്റ് ഏകപക്ഷീയമായി വനിതകള്‍ക്ക് സൗജന്ന്യയാത്ര ഒരുക്കുന്നതിലൂടെ പൊതുഗതാഗത സംവിധാനം തകരും.
സ്വകാര്യ ബസ് സര്‍വിസ് മേഖലയെ സാരമായി ബാധിക്കും. ലക്ഷക്കണക്കിന് തൊഴിലാളികള്‍ വഴിയാധാരമാകും. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളുമായാണ് കെഎസ്‌ആര്‍ടിസി ഓടുന്നത്. പുതിയ ബസുകളാണ് സ്വകാര്യമേഖലയില്‍ സര്‍വിസ് നടത്തുന്നത്. നഷ്ടമെല്ലാം സഹിച്ചാണിത്. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണം. പ്രതിപക്ഷ നേതാവിനെ ഗതാഗത മേഖലയിലെ പ്രശ്‌നങ്ങള്‍ അറിയിച്ചതാണ് -ഭാരവാഹികള്‍ പറഞ്ഞു.
إرسال تعليق