ഷുഹൈബ് വധക്കേസ്: വിചാരണയ്ക്കിടെ 5 പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു
തലശേരി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ സാക്ഷിവിസ്താരം ആരംഭിച്ചു.
തലശേരി അഡീഷണല്‍ ജില്ലാ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ. ജോസ് മുമ്പാകെയാണ് വിചാരണ നടക്കുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞു.
കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന, പരിക്കേറ്റ ഇ. റിയാസിനെയാണ് കോടതി വിസ്തരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘം ഷുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് റിയാസ് മൊഴി നല്‍കി. താനും ഷുഹൈബും സുഹൃത്ത് നൗഷാദും കാറില്‍ പെട്രോളടിക്കാൻ ചാലോട് പോയി മടങ്ങിവരവെ എടയന്നൂരിലെ 'ഉറി' എന്ന തട്ടുകടയില്‍ കയറിയതായിരുന്നു. കഴിച്ച ചായയുടെ പണം നല്‍കാൻ നില്‍ക്കുമ്പോള്‍ നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത വാഗണ്‍ആർ കാർ മെല്ലെ വന്ന് നിന്നുവെന്നും, അതില്‍ നിന്നുമിറങ്ങിയ സായുധസംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും റിയാസ് കോടതിയെ അറിയിച്ചു. ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ട് വാളുകളും ഒരു മഴുവും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് നേരത്തെ നിർത്തിവെച്ച സാക്ഷിവിസ്താരമാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ജൂണ്‍ 14 വരെ വിസ്താരം തുടരും. 2018 ഫെബ്രുവരി 18 ന് രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
സി.പി.എം പ്രവർത്തകരും അനുഭാവികളുമായ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 11 പേരായിരുന്നു കേസിലെ ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീട് തുടരന്വേഷണം നടത്തി ആറ് പ്രതികളെ കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. പത്മനാഭനും, പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ പി.വി. ഹരി, മഹേശ്വരൻ പിള്ള, എൻ.ആർ. ഷാനവാസ് എന്നിവരുമാണ് ഹാജരായത്.
إرسال تعليق