Join News @ Iritty Whats App Group

കേരളത്തിലെ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമെന്ന് വിലയിരുത്തി പിബി, 3 സീറ്റുകൾ ബിജെപി നേടിയത് നിസ്സാരമല്ലെന്നും ജനറൽ സെക്രട്ടറി

കേരളത്തിലെ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമെന്ന് വിലയിരുത്തി പിബി, 3 സീറ്റുകൾ ബിജെപി നേടിയത് നിസ്സാരമല്ലെന്നും ജനറൽ സെക്രട്ടറി


ദില്ലി: സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സി പി എം പൊളിറ്റ് ബ്യൂറോ. ഇടതുപക്ഷത്തിന് കേരളത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവകരമായി കാണുന്നുവെന്ന് പി ബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. മികച്ച പ്രവർത്തനം നടത്തിയിട്ടും കേരളത്തിൽ നേരിട്ട തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രം ശ്രമിച്ചതും ബി ജെ പി മൂന്ന് സീറ്റുകൾ നേടിയതും നിസ്സാരമായി കാണാനാവില്ല. പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ബി ജെ പി നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. ബംഗാളിലെ എസ് ഐ ആറിൽ അട്ടിമറി നടന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇതിനെ 'സ്പെഷ്യൽ ഇൻ്റെൻസീവ് റിമൂവൽ' എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ പ്രതികരണവുമായി പിണറായി

തെര‍ഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇതാദ്യമായി കാവൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരസ്യ പ്രതികരണം. ചിരിച്ചുകൊണ്ട് 'പിന്നെ കാണാം' എന്നായിരുന്നു പിണറായിയുടെ മറുപടി. ദില്ലിയിൽ ചേർന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെയാണ് പിണറായി ആദ്യമായി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. ഇതിനിടെ പലകുറി മാധ്യമ പ്രവർത്തകർ വിവിധ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ഒരക്ഷരം പറയാതെ നടന്നുനീങ്ങുകയായിരുന്നു. പിണറായിക്കൊപ്പം പി ബി യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലെ അഭിപ്രായം പങ്കിട്ടു. പ്രതിപക്ഷ നേതാവിന്‍റെ കാര്യം കേരളത്തിൽ തീരുമാനിക്കുമെന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. രണ്ട് ദിവസം ദില്ലിയിൽ ചേർന്ന പി ബി യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയടക്കം വിശദമായി ചർച്ചയായി.

Post a Comment

Previous Post Next Post
Join Our Whats App Group