മാക്കൂട്ടം ചുരത്തിലെ വാഹനാപകടം ;അപകടവിവരം പുറംലോകം അറിഞ്ഞത് 24 മണിക്കൂറിന് ശേഷം
ഇരിട്ടി : മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ കണ്ണൂർ മുണ്ടയാട് സ്വദേശി ലക്ഷ്മി വിലാസിൽ കെ.എൻ. ബാലകൃഷ്ണൻ (65 ) മരിച്ചു . ചുരം പാതയിൽ വനത്തിനുള്ളിൽ മെതിയടിപാറക്ക് സമീപമായിരുന്നു അപകടം . ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം . അപകടം നടന്ന ഏകദേശം 24 മണിക്കൂറിന് ശേഷം ബന്ധുക്കളും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊക്കയിലേക്ക് മറിഞ്ഞ വാഹനത്തിൽ ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത് . തിങ്കളാഴ്ച ആയിരുന്നു അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം . അപകടത്തിൽ പെട്ട വാഹനത്തിൽ നിന്നും വെളിയിൽ വരാൻ കഴിയാതെ കുരുങ്ങിപ്പോയാണ് മരണം സംഭവിച്ചത് . കുടകിൽ ഹോം സ്റ്റേ നടത്തിവരികയായിരുന്നു ബാലകൃഷ്‌ണൻ ആഴ്ച്ചയിൽ മൂന്ന് ദിവസം ചുരം വഴി യാത്ര ചെയ്യാറുണ്ടായിരുന്നു . കൂട്ടുപുഴ അതിർത്തിയിൽ സ്ഥിരമായി ചായകുടിക്കാറുള്ള ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച ശേഷമായിരുന്നു ഇദ്ദേഹം കുടകിലേക്ക് യാത്ര തിരിച്ചത് . ഹോം സ്റ്റേയിൽ നിന്നും തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം നടന്നത് .
ഹെഗളയിലെ ഹോം സ്റ്റേയിൽ നിന്നും പുറപ്പെടുന്ന മുൻപ് ബാലകൃഷ്ണൻ വീട്ടിൽ വിളിച്ചിരുന്നു . എന്നാൽ അറിയിച്ച സമയത്തും വീട്ടിൽ എത്താതിരുന്നതോടെ കുടുംബാംഗങ്ങൾ ഫോണിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല . തുടർന്നാണ് ബന്ധുക്കൾ കർണ്ണാടക പോലീസിൽ പരാതി നൽകിയത് . ചൊവ്വാഴ്ച രാവിലെ പോലീസും ബന്ധുക്കളും ചേർന്ന് ചുരത്തിൽ തിരച്ചിൽ നടത്തിയത് . തിരച്ചിലിൽ വൈകുന്നേരം 3 മണിയോടെ മെതിയടിപ്പാറക്ക് സമീപം കൊക്കയിൽ ബാലകൃഷ്ണന്റെ വാഹനം അപകടത്തിൽ പെട്ടനിലയിൽ കണ്ടെത്തിയത് . അപകടത്തിൽ പെട്ട വാഹനത്തിനുള്ളിൽ കുരുങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം . അപകടം നടന്ന സ്ഥലം മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത നിബിഡ വനമേഖലയാണ് . അപകടം നടന്ന വിവരം ആരും അറിയാതിരുന്നതാണ് മരണ കാരണം എന്നാണ് നിഗമനം . സാധാരണ വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ പിന്നാലെ വരുന്ന വാഹങ്ങളാണ് വിവരം പുറം ലോകത്തെ അറിയിക്കുന്നത് . ബാലൻ നായരുടെ വാഹനം അപകടത്തിൽ പെട്ട സമയത്ത് ഇതുവഴി മറ്റ് വാഹനങ്ങൾ ഒന്നും വന്നില്ല എന്നുവേണം കരുതാൻ . വീർജ്‌പേട്ട പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വീരാജ്പേട്ട ഗവർമെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി . പ്രസന്നയാണ് ഭാര്യ .
Post a Comment