Join News @ Iritty Whats App Group

മുരളീധരനും സുധീരനുമൊഴികെ മറ്റെല്ലാവരും വേണുഗോപാലിന് ഒപ്പം; സതീശന് അനുകൂല ജനവികാരമുണ്ടെന്ന് പറഞ്ഞ് മുരളീധരന്‍; നേതാക്കളുടെ അഭിപ്രായത്തിന്റെ രത്നച്ചുരുക്കം ഖാര്‍ഗെയുമായി സോണിയയും പ്രിയങ്കയും ചര്‍ച്ച ചെയ്ത ശേഷം അന്തിമതീരുമാനം; സതീശന് വേണ്ടി ചരടു വലി തുടര്‍ന്ന് മുസ്ലീം ലീഗ്; ഇനി എപ്പോള്‍ വേണമെങ്കിലും അടുത്ത നായകനെ അറിയാം; സസ്‌പെന്‍സ് തുടരുന്നു; ക്ലൈമാക്‌സില്‍ മുഖ്യമന്ത്രിയായി ആരെത്തും?

മുരളീധരനും സുധീരനുമൊഴികെ മറ്റെല്ലാവരും വേണുഗോപാലിന് ഒപ്പം; സതീശന് അനുകൂല ജനവികാരമുണ്ടെന്ന് പറഞ്ഞ് മുരളീധരന്‍; നേതാക്കളുടെ അഭിപ്രായത്തിന്റെ രത്നച്ചുരുക്കം ഖാര്‍ഗെയുമായി സോണിയയും പ്രിയങ്കയും ചര്‍ച്ച ചെയ്ത ശേഷം അന്തിമതീരുമാനം; സതീശന് വേണ്ടി ചരടു വലി തുടര്‍ന്ന് മുസ്ലീം ലീഗ്; ഇനി എപ്പോള്‍ വേണമെങ്കിലും അടുത്ത നായകനെ അറിയാം; സസ്‌പെന്‍സ് തുടരുന്നു; ക്ലൈമാക്‌സില്‍ മുഖ്യമന്ത്രിയായി ആരെത്തും?


ന്യൂഡല്‍ഹി: കേരളത്തിന്റെ അടുത്ത നായകന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമാകാതെ നീളുന്ന സസ്‌പെന്‍സ് അന്ത്യഘട്ടത്തിലേക്ക്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാവുന്നതിനോട് വി.എം. സുധീരനും കെ. മുരളീധരനും ഒഴികെയുള്ള മിക്ക മുതിര്‍ന്ന നേതാക്കളും അനുകൂല നിലപാട് സ്വീകരിച്ചതായാണ് സൂചന. നേതാക്കളുടെ അഭിപ്രായത്തിന്റെ രത്‌നച്ചുരുക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച ചെയ്യും. ഇതിനുശേഷമാകും കേരളം കാത്തിരിക്കുന്ന ആ നിര്‍ണ്ണായക പ്രഖ്യാപനം.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന അവസാനഘട്ട ചര്‍ച്ചകളില്‍ കെ. സുധാകരന്‍, എം.എം. ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ കെ.സി. വേണുഗോപാലിന്റെ പേരിനെ പിന്തുണച്ചതായാണ് വിവരം. കേരളത്തിലെ ഭരണതലത്തിലും പാര്‍ട്ടി സംവിധാനത്തിലും കെ.സിയുടെ അനുഭവപരിചയം ഗുണകരമാകുമെന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍ വി.ഡി. സതീശനായി ശക്തമായി വാദിച്ചു. സതീശന് അനുകൂലമായ വലിയൊരു ജനവികാരം കേരളത്തിലുണ്ടെന്നും അത് കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനെ ഓര്‍മ്മിപ്പിച്ചു.

തീരുമാനം ആരുടെ പക്ഷത്തായാലും അത് ഒട്ടും വൈകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ചത്. പ്രഖ്യാപനം നീളുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഭരണത്തിന്റെ തുടക്കത്തിലുള്ള ആവേശം കെടുത്തുമെന്നും നേതാക്കള്‍ രാഹുലിനെ ധരിപ്പിച്ചു. ഇതോടെയാണ് കര്‍ണാടകയിലുള്ള ഖാര്‍ഗെയെ അടിയന്തരമായി ഡല്‍ഹിയിലേക്ക് സോണിയാ ഗാന്ധി വിളിച്ചുവരുത്തിയത്. ബുധനാഴ്ച ഉച്ചയോടെ നടക്കുന്ന ഹൈക്കമാന്‍ഡ് യോഗത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ചിത്രം വ്യക്തമാകും.

അതേസമയം, വി.ഡി. സതീശനായി അണിയറയില്‍ മുസ്ലീം ലീഗ് ചരടുവലികള്‍ തുടരുന്നത് ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശന്‍ കാഴ്ചവെച്ച മികച്ച പ്രകടനം ഘടകകക്ഷികള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത നല്‍കിയിട്ടുണ്ട്. സതീശനെ മുഖ്യമന്ത്രിയാക്കിയാല്‍ അത് മുന്നണിയുടെ കെട്ടുറപ്പിന് സഹായകമാകുമെന്നാണ് ലീഗിന്റെ അനൗദ്യോഗിക നിലപാട്. എന്നാല്‍ പരസ്യമായ ഒരു ഏറ്റുമുട്ടലിന് ലീഗ് തയ്യാറല്ല.

കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ സതീശന്റെ പദവി എന്തായിരിക്കുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നല്‍കി സതീശനെ അനുനയിപ്പിക്കാനാണ് നീക്കം. എന്നാല്‍ സതീശന്‍ മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ചാല്‍ അത് പുതിയ പ്രതിസന്ധിക്ക് കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാന്‍ പ്രിയങ്കാ ഗാന്ധി നേരിട്ട് സതീശനുമായി സംസാരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രമേശ് ചെന്നിത്തലയുടെ നിലപാടും ഈ ചര്‍ച്ചകളില്‍ നിര്‍ണ്ണായകമാണ്. ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന് സംഘടനയുടെ സുപ്രധാന ചുമതല ഏല്‍പ്പിക്കാമെന്ന വാഗ്ദാനം ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ കെ.സി. വേണുഗോപാല്‍ ഒഴിഞ്ഞുവിടുന്ന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല എത്തും. മുതിര്‍ന്ന നേതാക്കളെ മാന്യമായി പുനരധിവസിപ്പിക്കുക എന്ന തന്ത്രമാണ് പ്രിയങ്കയും രാഹുലും പയറ്റുന്നത്.

ലോക്‌സഭാ എം.പിയായ കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പ് വരുമെന്നത് ഹൈക്കമാന്‍ഡിനെ ഇപ്പോഴും അല്പം പിന്നോട്ട് വലിക്കുന്നുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ സീറ്റ് നഷ്ടമാകുന്നത് ദേശീയതലത്തില്‍ നാണക്കേടാകും. ഈ രാഷ്ട്രീയ റിസ്‌ക് എടുക്കണോ അതോ സേഫ് ഓപ്ഷനായി സതീശനെ മുഖ്യമന്ത്രിയാക്കണോ എന്ന തര്‍ക്കം സോണിയാ ഗാന്ധിയുടെയും പ്രിയങ്കയുടെയും മുന്നിലുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസ് അണികള്‍ രണ്ട് ചേരിയിലായി സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പോര് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപനം വന്നാലുടന്‍ എല്ലാ നേതാക്കളും ചേര്‍ന്ന് ഐക്യത്തോടെ വാര്‍ത്താസമ്മേളനം നടത്തണമെന്നും സമാന്തരമായ ഒരു ശക്തിപ്രകടനം പാടില്ലെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു. ഘടകകക്ഷികളെ വിവരം ഔദ്യോഗികമായി അറിയിച്ച ശേഷമാകും പത്രക്കുറിപ്പ് ഇറക്കുക.

സസ്‌പെന്‍സ് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലേക്കാണ് കേരളാ രാഷ്ട്രീയം നീങ്ങുന്നത്. നായകനായി കെ.സി വേണുഗോപാല്‍ അവതരിക്കുമോ അതോ ജനവികാരം മാനിച്ച്‌ വി.ഡി. സതീശനെത്തുമോ എന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മതി. രമേശ് ചെന്നിത്തലയുടെ പിന്തുണയും ഘടകകക്ഷികളുടെ അവസാനവട്ട സമ്മര്‍ദ്ദവും ആര്‍ക്ക് അനുകൂലമാകുമെന്നതിനെ ആശ്രയിച്ചിരിക്കും ഖാര്‍ഗെയുടെ പ്രഖ്യാപനം.

Post a Comment

Previous Post Next Post
Join Our Whats App Group