Join News @ Iritty Whats App Group

24 മണിക്കൂറിൽ 6500 ടണ്‍ യുദ്ധസാമഗ്രികൾ ഇസ്രയേലിലേക്ക് അയച്ച് യുഎസ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

24 മണിക്കൂറിൽ 6500 ടണ്‍ യുദ്ധസാമഗ്രികൾ ഇസ്രയേലിലേക്ക് അയച്ച് യുഎസ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി


വാഷിങ്ടണ്‍: നയതന്ത്ര ചർച്ചകൾ നിലച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. സമാധാന കരാറിന് വഴങ്ങാത്ത ഇറാനെതിരെ യുദ്ധം പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ യുദ്ധം 60 ദിവസങ്ങൾ പിന്നിട്ടപ്പോൾ പുതിയ സൈനിക നീക്കങ്ങൾക്കായി യുഎസ് സെൻട്രൽ കമാൻഡ് ട്രംപിന് റിപ്പോർട്ട് സമർപ്പിച്ചു. അതിനിടെ ഇസ്രയേലിന് വൻതോതിൽ ആയുധങ്ങൾ കൈമാറിയിരിക്കുകയാണ് അമേരിക്ക. ഈ ആഴ്ച മാത്രം 6500 ടൺ യുദ്ധസാമഗ്രികളും അത്യാധുനിക സൈനിക വാഹനങ്ങളും ട്രംപ് ഭരണകൂടം ഇസ്രയേലിൽ എത്തിച്ചു. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 1.15 ലക്ഷം ടണ്ണിലധികം സൈനിക സാമഗ്രികളാണ് 403 വിമാനങ്ങളിലായും കപ്പലുകളിലായും അമേരിക്ക ഇസ്രയേലിന് നൽകിയത്. ഇത് മേഖലയിൽ വലിയ തോതിലുള്ള സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പാണെന്ന് നിരീക്ഷകർ കരുതുന്നു. എത്രകാലം വേണമെങ്കിലും യുദ്ധം ചെയ്യുമെന്നാണ് ഇറാൻ സേനയുടെ മറുപടി.

നയതന്ത്ര ചർച്ചകൾ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. ഇപ്പോൾ പറഞ്ഞതല്ല അമേരിക്ക പിന്നീട് പറയുന്നതെന്ന് ഇറാൻ വിമർശിക്കുന്നു. ഇറാൻ പരമോന്നത നേതാവിന്റെ നിലപാട് കാത്തിരുന്ന അമേരിക്കയ്ക്ക് ഇന്നലെ കിട്ടിയത് അമേരിക്കയ്ക്ക് മേഖലയിൽ സ്ഥാനമേയില്ലെന്ന കടുത്ത നിലപാട്. യുഎസ് സെൻട്രൽ കമാൻഡ് മേധാവി അമേരിക്കൻ പ്രസിഡന്‍റുമായി കൂടിയാലോചിച്ച് ആക്രമണം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കും. ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള അതിശക്തമായ വ്യോമാക്രമണമാണ് പ്രധാനമായും യുഎസിന്‍റെ ആലോചനയിലുള്ളത്. ഇറാൻ തുറമുഖങ്ങൾക്ക് മേൽ നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധത്തിന് പുറമെയാണിത്. സൈനിക നീക്കത്തിലൂടെ ഇറാനെ സമ്മർദത്തിലാക്കാൻ കഴിയുമോ എന്നാണ് ട്രംപ് ഭരണകൂടം നോക്കുന്നത്.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്‍റെ ഒരു ഭാഗം പിടിച്ചെടുത്ത് അന്താരാഷ്ട്ര ചരക്ക് നീക്കത്തിനായി തുറന്നുകൊടുക്കുന്നതാണ് യുഎസ് സേന മുന്നോട്ടുവെച്ച രണ്ടാമത്തെ പദ്ധതി. ഇതിനായി കരസേനയെ വിന്യസിക്കേണ്ടി വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി പ്രത്യേക സൈനിക വിഭാഗത്തെ നിയോഗിക്കാനുള്ള നീക്കവും അമേരിക്കയുടെ ആലോചനയിലുണ്ട്. ചർച്ചകൾ ഫലം കാണാത്ത പക്ഷം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകളെ തകർക്കുന്ന തരത്തിലുള്ള കടുത്ത നടപടികളിലേക്ക് ട്രംപ് കടക്കാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

എന്നാൽ എത്രകാലം വേണമെങ്കിലും യുദ്ധം ചെയ്യാമെന്നാണ് ഇറാൻ സേന പറയുന്നത്. അമേരിക്കയുടെ നാവിക ഉപരോധത്തിന് നേരെ ഇറാൻ ആക്രമണം തുടങ്ങിയാലും അത്ഭുതപ്പെടാനില്ല. അതേസമയം മുജ്തബ ഖമനയിയുടെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്ന് പരമോന്നത നേതാവിന്‍റെ അന്താരാഷ്ട്രകാര്യ ഉപമേധാവി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group