Join News @ Iritty Whats App Group

യുഎസ് സൈന്യം 'അടുത്ത അധിനിവേശത്തിന്' തയ്യാറായി ഇറാന് സമീപം തുടരുമെന്ന് ട്രംപ്, വെടിനിര്‍ത്തലില്‍ 'അവിശ്വാസ'ത്തോടെ ഇറാൻ

യുഎസ് സൈന്യം 'അടുത്ത അധിനിവേശത്തിന്' തയ്യാറായി ഇറാന് സമീപം തുടരുമെന്ന് ട്രംപ്, വെടിനിര്‍ത്തലില്‍ 'അവിശ്വാസ'ത്തോടെ ഇറാൻ


40 നാള്‍ നീണ്ടു നിന്ന ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ഇറാൻ യുദ്ധം ഒടുവില്‍ പാകിസ്ഥാന്‍റെ മധ്യസ്ഥതയില്‍ രണ്ടാഴ്ചത്തെ വെടിനിർത്തലില്‍ എത്തി നില്‍ക്കുന്നു.

വെടിനിർത്തല്‍ ലംഘിച്ച ഇസ്രയേല്‍ ഇന്നലെ മാത്രം ലെബനനില്‍ കൊന്നൊടുക്കിയത് 250 പേരെയാണ്. ഇതിന് പിന്നാലെ ഇറാൻ, സൗദി, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് മിസൈല്‍ അയച്ചു. പിന്നാലെ ഇസ്രയേല്‍ ലെബനൻ ആക്രമിച്ചാല്‍ വെടിനിർത്തല്‍ കരാറില്‍ നിന്നും പിന്മാറുമെന്നും അറിയിച്ചു. എങ്കിലും പിന്നീട് അനിഷ്ട സംഭവങ്ങളൊന്നും മധ്യേഷ്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാത്തതിനാല്‍ യുദ്ധത്തിന് താത്കാലിക വിരാമമായെന്ന ഒരു പൊതുധാരണ രൂപപ്പെട്ടിരുന്നു. എന്നാല്‍, യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ ഏറ്റവും പുതിയ ട്രൂത്ത് സോഷ്യല്‍ പോസ്റ്റോടെ ലോകം വീണ്ടും ആശങ്കയിലാണ്. യുഎസ് സൈന്യം ഇറാന് സമീപത്ത് തുടരുമെന്നും അടുത്ത അധിനിവേശത്തിനായി തയ്യാറെടുക്കാനും യുഎസ് സൈന്യത്തോട് ട്രംപ് ആവശ്യപ്പെട്ടതാണ് ഈ ആശങ്കയ്ക്ക് കാരണം.

എല്ലാം താത്കാലികം, അടുത്തത് ഇതിലും വലുത്

ഇറാന് ചുറ്റും യുഎസ് സൈന്യത്തെ വിന്യസിക്കുന്നത് തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാൻ. യുഎസിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ വൻ സൈനിക നടപടിക്ക് മുതിരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇതോടെ ഇസ്രയേല്‍, ഇറാൻ നടപടിയില്‍ ദുർബലമായ വെടിനിർത്തല്‍ കരാർ എപ്പോള്‍ വേണമെങ്കിലും വീണ്ടും ലംഘിക്കപ്പെടാമെന്ന ആശങ്കയിലാണ് ലോകം. യഥാർത്ഥ കരാർ പൂർണ്ണമായും നടപ്പിലാക്കുന്നതുവരെ യുഎസ് സൈനികരും വിമാനങ്ങളും നാവിക സേനകളും ഇറാന് ചുറ്റം തുടരുമെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലിലെഴുതി. തങ്ങളുടെ ആവശ്യങ്ങള്‍ എന്തെങ്കിലും കാരണത്താല്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും. മുമ്ബ് ആരും കണ്ടിട്ടില്ലാത്തത്രയും വലുതും മികച്ചതും ശക്തവുമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് പറയുന്നു.

ഹോർമൂസില്‍ കപ്പല്‍ ചാർട്ടുമായി ഇറാൻ

പാകിസ്ഥാന്‍റെ മധ്യസ്ഥതയില്‍ ആറ് ആഴ്ച നീണ്ടുനിന്ന യുദ്ധം താല്‍ക്കാലികമായി നിർത്തിവയ്ക്കുകയും ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങള്‍ക്ക് ഒരു താല്‍ക്കാലികമായി ശാന്തിയുണ്ടാവുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ എഴുത്ത്. ഇറാൻ തങ്ങളുടെ ആണവായുധ പരിപാടി അവസാനിപ്പിക്കുകയും ഹോർമൂസിലൂടെ കപ്പലുകള്‍ സുരക്ഷിതമായി കടന്ന് പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒപ്പം തങ്ങള്‍ അടുത്ത ആക്രമണത്തിനായി കാത്തിരിക്കുകയാണെന്നും തത്കാലം വിശ്രമിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിനിടെ ഇറാൻറെ അർദ്ധസൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) ഹോർമുസ് കടലിടുക്കില്‍ കടല്‍ മൈനുകള്‍ സ്ഥാപിച്ചതായി സൂചിപ്പിക്കുന്ന ഒരു ചാർട്ട് പ്രസിദ്ധീകരിച്ചു. ചാർട്ടില്‍ കപ്പലുകള്‍ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വഴിയില്‍ വലിയൊരു ചുവന്ന വൃത്തം വരച്ചിരുന്നു. ഇറാന്‍റെ ലാറക് ദ്വീപിനടുത്തുള്ള പ്രധാന ഭൂപ്രദേശത്തിന് സമീപമുള്ള കടല്‍പാതയിലൂടെ കപ്പലുകള്‍ കൂടുതല്‍ വടക്കോട്ട് സഞ്ചരിക്കണമെന്ന് ചാർട്ട് നിർദ്ദേശിക്കുന്നു. അതേസമയം ഇസ്രയേല്‍ ലെബനനില്‍ തുടരുന്ന അക്രമവും യുഎസിന്‍റെ ഭീഷണികളും നിലനില്‍ക്കുന്നിടത്തോളം വെടിനിർത്തല്‍ കരാറില്‍ ഇറാൻ ആശങ്ക രേഖപ്പെടുത്തിയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group