Join News @ Iritty Whats App Group

വോട്ട് ചെയ്യാൻ ആഗ്രഹം, പക്ഷേ പോക്കറ്റ് കീറും; പ്രവാസി വോട്ടുകളിൽ ഇത്തവണ വലിയ ഇടിവിന് സാധ്യത

വോട്ട് ചെയ്യാൻ ആഗ്രഹം, പക്ഷേ പോക്കറ്റ് കീറും; പ്രവാസി വോട്ടുകളിൽ ഇത്തവണ വലിയ ഇടിവിന് സാധ്യത


റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും കുതിച്ചുയരുന്ന വിമാനടിക്കറ്റ് നിരക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ടുകൾക്ക് തിരിച്ചടിയാകുന്നു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ആഗ്രഹമുണ്ടെങ്കിലും, പ്രായോഗിക തടസ്സങ്ങൾ കാരണം ഭൂരിഭാഗം പ്രവാസികളും ഇത്തവണ പോളിംഗ് ബൂത്തിലെത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

തിരിച്ചടിയാകുന്ന പ്രധാന ഘടകങ്ങൾ

1. യുദ്ധഭീതിയും യാത്രാ ആശങ്കയും: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന അസ്ഥിരമായ സാഹചര്യം പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. നാട്ടിലേക്ക് പോയാൽ യുദ്ധസാഹചര്യങ്ങൾ രൂക്ഷമായാൽ തിരിച്ചുവരവ് തടസ്സപ്പെടുമോ എന്ന ഭയമാണ് പലരെയും പിന്തിരിപ്പിക്കുന്നത്.
2. താങ്ങാനാകാത്ത വിമാനനിരക്ക്: സാധാരണക്കാരായ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ നാട്ടിലെത്തുക എന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. നിലവിൽ വൺവേ ടിക്കറ്റിന് മാത്രം 85,000 രൂപയോളമാണ് ഈടാക്കുന്നത്. പോയി വരാനുള്ള ആകെ ചിലവ് ഒന്നര ലക്ഷം രൂപ കടക്കുമെന്നത് പ്രവാസികളെ പിന്നോട്ട് വലിപ്പിക്കുന്നു.
3. ചാർട്ടേഡ് വിമാനങ്ങളുടെ അഭാവം: മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘടനകൾ മുൻകൈ എടുത്ത് നടത്തിയിരുന്ന 'വോട്ട് വിമാന' പദ്ധതികൾ ഇത്തവണ സജീവമല്ല. കൂടിയ നിരക്ക് കാരണം ഇത്തരം നീക്കങ്ങളിൽ നിന്ന് സംഘടനകളും പിൻമാറി.

രാഷ്ട്രീയ പോഷക ഘടകങ്ങൾ

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രവാസലോകത്ത് പോഷക ഘടകങ്ങളുണ്ട്. സൗദി അറേബ്യയിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ഐ.എൻ.എൽ, ബി.ജെ.പി, ആം ആദ്മി പാർട്ടി എന്നീ പാർട്ടികൾക്ക് വളരെ സുസംഘടിതമായി പ്രവർത്തിക്കുന്ന ഘടകങ്ങളുണ്ട്. ഒ.ഐ.സി.സി, കെ.എം.സി.സി, കേളി, നവോദയ, പ്രവാസി സംഘം, പ്രതിഭ, ജല, ന്യൂ ഏജ്, നവയുഗം, ഐ.എം.സി.സി, സമന്വയ, ഐ.ഒ.എഫ്, ആവാസ് തുടങ്ങിയ നിരവധി സംഘടനകളാണ് ഇങ്ങനെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി ഘടകങ്ങളായി പ്രവർത്തിക്കുന്നത്. ഈ സംഘടനകളുടെ പല പ്രവർത്തകരും തെരഞ്ഞെടുപ്പ് സമയങ്ങളിൽ നാട്ടിലെത്തി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കാറുണ്ട്. വോട്ട് ചെയ്യാൻ ഇങ്ങനെ കൃത്യമായി നാട്ടിലെത്തുന്ന പ്രവാസികൾ നിരവധിയാണ്. എന്നാൽ ഇത്തവണ ഇവർക്കെല്ലം മുന്നിൽ യുദ്ധവും വിമാന ടിക്കറ്റ് നിരക്കും കടമ്പ തീർത്തിരിക്കുകയാണ്.

മാറ്റിവെച്ച യാത്രകൾ

ഏപ്രിൽ മാസത്തിൽ നിരക്ക് വർധിച്ചുതന്നെ നിൽക്കുന്നതിനാൽ, വോട്ട് ലക്ഷ്യമിട്ട് നേരത്തെ അവധി അപേക്ഷിച്ച പലരും യാത്രകൾ ഉപേക്ഷിച്ചു കഴിഞ്ഞു. മെയ് മാസത്തിൽ നിരക്ക് കുറയുമ്പോൾ ഫലം അറിയാനെങ്കിലും നാട്ടിലെത്താമെന്നാണ് ഇവരുടെ പ്രതീക്ഷ.

ചിലർ വിട്ടുകൊടുക്കാൻ തയ്യാറല്ല

പ്രതിസന്ധികൾക്കിടയിലും ആവേശം കൈവിടാത്തവരും കുറവല്ല. മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർ ഇതിനോടകം നാട്ടിലെത്തിക്കഴിഞ്ഞു. നിലവിൽ അവധിയിലുള്ളവർ മടക്കയാത്ര നീട്ടിവെച്ച് വോട്ട് രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ്. യാത്രാനിരക്ക് കൂടുതലാണെന്ന കാരണം തൊഴിലുടമകളെ ബോധ്യപ്പെടുത്തി അവധി നീട്ടാനാണ് ഇവരുടെ തീരുമാനം. എങ്കിലും, വൻതോതിൽ പ്രവാസികൾ നാട്ടിലെത്താത്തത് പല മണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ.

Post a Comment

أحدث أقدم
Join Our Whats App Group