Join News @ Iritty Whats App Group

മട്ടന്നൂരില്‍ ക്ഷേത്രസദ്യയില്‍ നിന്ന് ഭക്ഷ്യവിഷബാധ; വയോധികൻ മരിച്ചു; മുന്നൂറിലധികം പേര്‍ ചികിത്സയില്‍

മട്ടന്നൂരില്‍ ക്ഷേത്രസദ്യയില്‍ നിന്ന് ഭക്ഷ്യവിഷബാധ; വയോധികൻ മരിച്ചു; മുന്നൂറിലധികം പേര്‍ ചികിത്സയില്‍


ട്ടന്നൂർ: കണ്ണൂർ മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വയോധികൻ മരിച്ചു.പേരാവൂർ പൂവത്തുംകണ്ടി വിജയൻ (70) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അന്തരിച്ചത്. ക്ഷേത്രത്തിലെ സദ്യ കഴിച്ച 300-ഓളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഏപ്രില്‍ ആറിനാണ് കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തില്‍ ഉത്സവ സദ്യ നടന്നത്. ഭക്ഷണം കഴിച്ചവർക്ക് ഏഴാം തീയതി ഉച്ചയോടെയാണ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടമായത്. കടുത്ത വയറിളക്കം, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആളുകള്‍ മട്ടന്നൂർ, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടി.

വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പൊറോറയിലെ നഗരസഭാ ശ്മശാനത്തില്‍ സംസ്കരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഭക്ഷ്യവിഷബാധയുടെ സ്രോതസ്സ് കണ്ടെത്താനായി ആരോഗ്യവകുപ്പ് പരിശോധനകള്‍ ആരംഭിച്ചു. സദ്യയില്‍ വിളമ്പിയ പച്ചടിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. പച്ചടിയുടെയും സദ്യയ്ക്കായി ഉപയോഗിച്ച വെള്ളത്തിന്റെയും സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.

സംഭവത്തില്‍ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മട്ടന്നൂർ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്തെ കിണറുകളും ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള ശുചിത്വ നടപടികള്‍ പൂർത്തിയാക്കി.

Post a Comment

أحدث أقدم
Join Our Whats App Group