ശബരിമലയിലെ പൂജാ സാധനങ്ങൾ; ദേവസ്വം ബോർഡിന്‍റെ സത്യവാങ്മൂലം തള്ളി, 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ശബരിമലയിൽ അഷ്ടാഭിഷേകം, നിത്യ പൂജ തുടങ്ങിയ വഴിപാടുകൾക്ക് ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി. കഴിഞ്ഞ 10 വർഷത്തിനിടെ അഷ്ടാഭിഷേകം, മഹാ നിവേദ്യം, ഗണപതി ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് വി രാജ വിജയരാഘവനും ജസ്റ്റിസ് കെ വി ജയകുമാറും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുനിൽ കുമാർ (സുനിൽ സ്വാമി) ഉൾപ്പെടെയുള്ള സ്പോൺസർമാർ നൽകിയ സാധനങ്ങളുടെ വിവരങ്ങൾ, സ്റ്റോക്ക് രജിസ്റ്റർ, ഓഡിറ്റർമാരുടെ റിപ്പോർട്ടുകൾ, ഓഡിറ്റ് രേഖകൾ എന്നിവയും സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
നിലവിലെ നടപടിക്രമങ്ങൾ സുതാര്യമാണോയെന്ന് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനും കോടതി നിർദേശം നൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസ് പരിഗണിച്ചത്. വഴിപാടുകൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുമ്പോൾ കേരള ഫിനാൻഷ്യൽ കോഡും പർച്ചേസ് മാന്വലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സബ് ഗ്രൂപ്പ് ഓഫീസറും പാലിക്കേണ്ടതില്ലെന്ന ദേവസ്വം ബോർഡിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരമൊരു നിലപാട് ദുരുപയോഗത്തിനും തട്ടിപ്പിനും വഴിയൊരുക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
വഴിപാടുകൾക്കായി വാങ്ങുന്ന ചില സാധനങ്ങൾ വേഗത്തിൽ നശിക്കുന്നതിനാൽ ബിൽ ഹാജരാക്കാൻ കഴിയില്ലെന്ന വാദവും കോടതി തള്ളി. പാലും റോസ് വാട്ടറും കരിക്കും വാങ്ങുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് 300 രൂപ വീതം നൽകുന്ന രീതി തുടരാനാകില്ലെന്നും വ്യക്തമാക്കി. മഹാ നിവേദ്യപ്രസാദത്തിനായി സുനിൽ കുമാർ നൽകിയ സാധനങ്ങൾക്ക് ബോർഡിന്റെ നിർദേശം ഉണ്ടായിരുന്നിട്ടും രസീത് നൽകിയില്ലെന്ന കാര്യം ആശങ്കാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സാധനങ്ങൾ സ്വീകരിക്കുന്ന സമയത്ത് അതിന്റെ തുക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രേഖപ്പെടുത്തുന്നുണ്ടെന്ന വിജിലൻസ് ആരോപണത്തിനും ബോർഡ് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
ദേവസ്വം ബോർഡിന് ലഭിക്കുന്ന ഫണ്ട് ഭക്തരിൽ നിന്നുള്ളതാണെന്നും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഒഴിവാക്കുന്ന തരത്തിലുള്ള ഉത്തരവുകൾ ബോർഡിന് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പൂജാ സാധനങ്ങൾ വാങ്ങുന്നതിന് ബില്ലും വൗച്ചറും നിർബന്ധമായും വേണമെന്ന നിലപാടും കോടതി ആവർത്തിച്ചു.
إرسال تعليق