'ക്ഷേത്രാങ്കണത്തിൽ നോമ്പ് തുറയും മസ്ജിദ് മുറ്റത്ത് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കും'; വിവാദത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ
തിരുവനന്തപുരം: നന്ദഗോവിന്ദം ഭജൻസ് ക്ഷേത്ര പരിപാടിയിൽ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തിൽ യേശുദേവൻ്റെ സ്തുതിയും ഒക്കെ ചെയ്തെന്നിരിക്കും. ക്ഷേത്രാങ്കണത്തിൽ നോമ്പ് തുറയും മസ്ജിദിൻ്റെ മുറ്റത്ത് അയ്യപ്പഭക്തർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒക്കെ ഒരുക്കിയെന്നിരിക്കും. റോസിക്ക് എൻ്റെ സ്വഭാവവും പ്രവർത്തികളും ഇഷ്ടമാവുന്നില്ലെങ്കില് ഈ വീട്ടിൽ നിന്ന് റോസി എങ്ങോട്ടെങ്കിലും പൊയ്ക്കോളൂവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നന്ദഗേവിന്ദം ഭജൻസിനെ വിമർശിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്തെത്തിയിരുന്നു. തുടർന്ന് നന്ദഗോവിന്ദം ഭജൻസും ക്ഷേത്രക്കമ്മിറ്റിയും വിശദീകരണം നൽകി.
ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ലെന്നും ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ശശികലയുടെ വിമർശനം. ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തിൽ ആലപിക്കുന്ന നന്ദഗോവിന്ദം ഭജൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് പാടിയത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു പരിപാടി. പിന്നാലെ നന്ദഗോവിന്ദം ഭജൻസിനെ പുകഴ്ത്തി നിരവധിപേർ രംഗത്തെത്തി.
إرسال تعليق