ക്ഷേത്രോത്സവത്തിനായി ക്രിസ്ത്യൻ പള്ളിയുടെ സ്ഥലം വിട്ടുനല്‍കി; സൗകര്യമൊരുക്കാൻ മതിലും പൊളിച്ചു; മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന് നേര്‍സാക്ഷ്യം
കണ്ണൂർ: ക്ഷേത്ര ഉത്സവത്തില്‍ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
സംഘപരിവാർ അനുകൂലികള്‍ നന്ദഗോവിന്ദം ഭജൻസിനെതിരെ രൂക്ഷവിമർശനം ഉയർത്തി രംഗത്തെത്തിയിരുന്നു. എന്നാല്‍, കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയെന്നും ഇതിനെ പ്രശംസിച്ചവരും കുറവായിരുന്നില്ല. ഇപ്പോഴിതാ, കണ്ണൂരില്‍ നിന്നും മലയാളികളുടെ മതസൗഹാർദ്ദത്തിന്റെ മറ്റൊരു മാതൃക കൂടി ലോകത്തിന് മുന്നില്‍ എത്തുകയാണ്. ക്ഷേത്രോത്സവത്തിനു കലാപരിപാടികള്‍ അവതരിപ്പിക്കാൻ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ പൊളിച്ചുനല്‍കുകയായിരുന്നു.
പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രോത്സവ പരിപാടിക്കായാണ് ക്രിസ്ത്യൻ പള്ളിയുടെ സ്ഥലം വിട്ടുനല്‍കിയത്. ഇതിനായി പരിയാരം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ മതിലാണ് പൊളിച്ചത്. 16 മുതല്‍ മുതല്‍ ഇന്നലെ വരെ നടന്ന ഉത്സവത്തിന്റെ കലാപരിപാടികള്‍ നടത്താനും പാർക്കിങ്ങിനുമായാണ് പള്ളിയുടെ സ്ഥലം വിട്ടുനല്‍കിയത്.
കലാപരിപാടികള്‍ നടത്താനും പാർക്കിങ്ങിനും താല്‍ക്കാലികമായി സൗകര്യം അനുവദിക്കണമെന്ന് ക്ഷേത്രക്കമ്മിറ്റി സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി വികാരി ഫാ. ഷാജു ആന്റണിയോട് അഭ്യർഥിക്കുകയായിരുന്നു. പള്ളിക്കമ്മിറ്റിയുടെയും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെയും അനുവാദത്തോടെ സ്ഥലം വിട്ടുനല്‍കി. പള്ളിയുടെ മതില്‍ തല്‍ക്കാലത്തേക്ക് പൊളിക്കാനും അനുമതി നല്‍കി.
إرسال تعليق