കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കെതിരെ വ്യാജ പ്രചാരണം; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി മർകസ്
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ സോഷ്യൽ മീഡിയയിൽ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടിയുമായി അധികൃതർ (Kanthapuram A P Aboobacker Musliyar Fake News). കാന്തപുരത്തിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ പറഞ്ഞതെന്ന വ്യാജേന തീർത്തും തെറ്റിദ്ധാരണാജനകവും വിദ്വേഷം ജനിപ്പിക്കുന്നതുമായ പോസ്റ്ററുകളും വീഡിയോകളും ചില കോണുകളിൽ നിന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ ചമച്ച പത്തിലധികം വരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും അത് വൻതോതിൽ പങ്കുവെച്ചവർക്കും എതിരെയാണ് ഇപ്പോൾ പരാതി നൽകിയിട്ടുള്ളത്.
സംസ്ഥാന ആഭ്യന്തര മന്ത്രിക്ക പുറമെ സംസ്ഥാന പൊലീസ് മേധാവി (DGP), കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, കുന്ദമംഗലം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഔദ്യോഗികമായി പരാതി സമർപ്പിച്ചത്. മർകസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെ കെ ആണ് ഈ പരാതികൾ നൽകിയത്.
വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ വിദ്വേഷവും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിക്കുന്നവരെയും, മതനേതാവിനെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നവരെയും അടിയന്തിരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. തുടർന്നും സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം സൈബർ അക്രമങ്ങളും കുപ്രചാരണങ്ങളും തടയണമെന്നും, കുറ്റവാളികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC/BNS) കടുത്ത വകുപ്പുകൾ പ്രകാരം മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ കുന്ദമംഗലം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്
إرسال تعليق