പെയ്തു തീരാത്ത നൊമ്പരങ്ങൾക്ക് മധ്യേ ഭഗവതിമാർ ഉപചാരംചൊല്ലി പിരിഞ്ഞു; ഇനി ഒരുവർഷത്തെ കാത്തിരിപ്പ്
തൃശൂർ: ആചാര അനുഷ്ഠാനങ്ങൾക്ക് ഇടനൽകി ആഘോഷ പൊലിമ കുറച്ച് നടത്തി ചരിത്രത്തിലേക്ക് ഇടംപിടിച്ച ഈ വർഷത്തെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് പകൽ പൂരത്തോടെ ഉപചാരം ചൊല്ലി സമാപനം. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിന് കാണാം എന്ന് പറഞ്ഞ് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ വെടിക്കെട്ടും ആഘോഷങ്ങളും ആചാര അനുഷ്ഠാനപൂർണിമയും ഉള്ള അടുത്ത തൃശൂർ പൂരത്തിനായി പൂരക്കമ്പക്കാർ കൗണ്ട് ഡൗൺ തുടങ്ങി.
ഇന്നലെ പൂരം കാണാൻ കഴിയാതിരുന്ന വീട്ടമ്മമാർക്ക് വേണ്ടിയുള്ള പൂരം എന്ന് വിശേഷണമുള്ള പകൽ പൂരത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാത്രി വൈകിയും പൂരപ്പറമ്പിൽ അലഞ്ഞ പൂര പ്രേമികൾ ഇന്ന് രാവിലെ തന്നെ പകൽ പൂരത്തിന് സത്യം വഹിക്കാൻ എത്തി. രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും ശ്രീമൂല സ്ഥാനത്തേക്ക് എഴുന്നള്ളി.
ഇരുഭാഗത്തും 15 ഗജവീരന്മാർ അണിനിരന്നു. കുടമാറ്റങ്ങളും ആവർത്തിച്ചു. കിഴക്കൂട്ട് അനിയൻ മാരാരും ചെറുശേരി കുട്ടൻമാരാരും അപ്പുറവും ഇപ്പുറവും നിന്ന് മേളസദ്യ വിളമ്പിയപ്പോൾ മേളാസ്വാദകർക്ക് അത് പൂരക്കഞ്ഞിയേക്കാൾ രുചിയുള്ളതായി.മേളത്തിനുശേഷം പടിഞ്ഞാറേ നടയിൽ ശ്രീമൂല സ്ഥാനത്ത് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാറും തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും പരസ്പരം തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തതോടെ തൃശൂർ പൂരത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന ചടങ്ങുകളിൽ ഒന്നായ, ഹൃദയസ്പർശിയായ ഉപചാരം ചൊല്ലൽ നടന്നു. അടുത്ത പൂരത്തിന്റെ തീയതിയായ ഏപ്രിൽ 16 ഉം ഉപചാരം ചൊല്ലി പിരിയുന്ന വേളയിൽ പ്രഖ്യാപിച്ചു.
തൃശൂർ പൂരത്തിന് അടക്കമുള്ള ആകാശ കാഴ്ചകൾ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട് സതീഷ് എന്ന വെടിക്കെട്ട് ലൈസൻസിയുടെ വെടിക്കോപ്പ് നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ കത്തിയമർന്ന 17 മനുഷ്യജീവനുകളുടെ ഓർമയിൽ വെടിക്കെട്ട് ഉപേക്ഷിച്ചതിനാൽ ഉപചാരം ചൊല്ലലിന് ശേഷമുള്ള വെടിക്കെട്ടു നടന്നില്ല.
രാത്രി ഉത്രം വിളക്കോടെ പൂരത്തിന് കൊടിയിറങ്ങും. ഇന്നലെ രാത്രി രാത്രി പൂരം നടക്കുന്നതിനിടയിലാണ് മലപ്പുറം എടപ്പാൾ സ്വദേശി ഉണ്ണിക്കൃഷ്ണൻ മരിച്ചത്. ഇന്നു രാവിലെ ഗുരുതരാവസ്ഥയിലുള്ള കുണ്ടന്നൂർ ചീരാത്ത് രാജ്യത്തിന്റെ മകൻ രാഗേഷ് (29) കൂടി മരിച്ചതോടെ അപകടത്തിൽ മരിച്ചവർ 17 ആയി.പകൽ പൂരത്തിന്റെ തനിയാവർത്തനമായ രാത്രി പൂരം കാണാൻ ഇന്നലെ രാത്രി സ്ത്രീകൾ അടക്കമുള്ളവരുടെ വൻ തിരക്കാണ് ഉണ്ടായത്.
إرسال تعليق