Join News @ Iritty Whats App Group

'ശ്രീനന്ദ കാലുതെറ്റി വീണതല്ല, ആ കടക്കാരനെ സംശയമുണ്ട്'; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം

'ശ്രീനന്ദ കാലുതെറ്റി വീണതല്ല, ആ കടക്കാരനെ സംശയമുണ്ട്'; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം


ബംഗളൂരു: ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. കുട്ടിയുടെ മരണം അപകടമല്ല. പ്രദേശത്തെ കടക്കാരനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണസംഘം അത് ചെയ്‌തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

കുട്ടിയുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോട്ടോ എടുക്കാനായിരുന്നില്ല അവിടേക്ക് പോയത് എന്ന കാര്യം വ്യക്തമാണ്. കഷ്‌ടിച്ച്‌ അഞ്ച് മിനിട്ടിലാണ് കുട്ടിയെ കാണാതായതെന്നും അവർ പറഞ്ഞു.

ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതായത്. പിന്നീട് പ്രദേശത്ത് മൂടല്‍മഞ്ഞും ഇരുട്ടും നിറഞ്ഞതിനാല്‍ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെങ്കില്‍ പോലും കണ്ടെത്താൻ കഴിയുമായിരുന്നില്ല. കാണാതായ സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റർ അകലെ മാത്രമാണ് സിസിടിവി ഉള്ളത്. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നായ സമീപത്തുള്ള കടയുടെ പരിസരത്തേക്ക് എത്തിയിരുന്നു. ആ കടക്കാരനെ സംശയമുണ്ട്. എന്നിട്ടും പൊലീസ് അയാളെ ചോദ്യം ചെയ്യാൻ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കാണാതായ ദിവസം തന്നെ കൃത്യമായ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇന്ന് രാവിലെ നാലംഗ പൊലീസ് സംഘം കേരളത്തില്‍ നിന്നും ചിക്കമംഗളൂരുവില്‍ എത്തിയിരുന്നു. ഇവരുടെ കൂടി നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്‌ചയില്‍ നിന്ന് കണ്ടെത്തിയത്. പുറത്ത് നിന്നും കാണാൻ കഴിയാത്ത ഒരു മലയിടുക്കിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രമേശിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. മാതാപിതാക്കള്‍ ഉള്‍പ്പെട്ട 40 അംഗ സംഘത്തിനൊപ്പം കടമ്പഴിപ്പുറത്ത് നിന്ന് വിനോദയാത്രയ്‌ക്കായി ചിക്കമംഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മകളെ തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം കുടുംബം ആദ്യമേ പ്രകടിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group