പലതരം മാരീച വേഷങ്ങളില്‍ ബിജെപിയത്തുമെന്ന് മുഖ്യമന്ത്രി; ‘അത് വിശ്വസിച്ചാല്‍ ഇന്നലെ വരെ ജീവിച്ചത് പോലെ കേരളത്തില്‍ ജീവിക്കാനാവില്ല’
പലതരം മാരീചവേഷങ്ങളില്‍ ബിജെപി വാഗ്ദാനങ്ങളുമായി എത്തുമെന്നും അത് വിശ്വസിച്ചാല്‍ ഇന്നലെവരെ ജീവിച്ചതുപോലെ കേരളത്തില്‍ ജീവിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കും ആര്‍എസ്എസിനും കേരളത്തില്‍ സ്വീകാര്യതയില്ലാത്തതിന്റെ വിരോധത്താല്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ കേരളത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തോടുള്ള പകയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ പ്രകൃതിദുരന്തങ്ങളില്‍പ്പോലും സഹായിക്കാത്തതെന്നും വായ്പാപരിധി വെട്ടിക്കുറച്ചതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ കേരളവിരുദ്ധനയങ്ങളെ യുഡിഎഫും കോണ്‍ഗ്രസും പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളം തകരട്ടെയെന്നതായിരുന്നു കോണ്‍ഗ്രസ് നിലപാടെന്നും പിണറായി കുറ്റപ്പെടുത്തി. 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളം സമസ്തമേഖലകളും തകര്‍ന്ന നിലയിലായിരുന്നുവെന്നും സിപിഎം നേതാവ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെല്ലാം ഇടത് സര്‍ക്കാരിന്റെ കാലത്ത് പിന്നീട് ഗുണപരമായ മാറ്റങ്ങളുണ്ടായി എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
2016ല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ചതിലൂടെയാണ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, 2021ല്‍ ആ അക്കൗണ്ട് പൂട്ടിക്കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിക്കുകയും വി. ശിവന്‍കുട്ടിയിലൂടെ അത് നടപ്പിലാക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത്, നേമത്തെ സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി, കഴക്കൂട്ടത്തെ സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍, അരുവിക്കര മണ്ഡലത്തിലെ ജി. സ്റ്റീഫന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് യോഗങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ബിജെപിയ്ക്കും കോണ്‍ഗ്രസിനുമെതിരായ വിമര്‍ശനങ്ങള്‍ കടുപ്പിച്ചത്.
അടുക്കളയില്‍ കയറി ഭക്ഷണം നോക്കി മനുഷ്യനെ കൊല്ലുന്ന സംസ്‌കാരം കേരളത്തിലില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇവിടെ എല്ലാവര്‍ക്കും തങ്ങളുടെ വിശ്വാസങ്ങളുമായി സമാധാനമായി ജീവിക്കാമെന്നും കഴിഞ്ഞ 10 വര്‍ഷമായി കേരളം വര്‍ഗീയകലാപങ്ങളില്‍നിന്ന് മുക്തമാണെന്നും പറഞ്ഞു. ഇതിന്റെ ഫലമായാണ് തുടര്‍ഭരണം ലഭിച്ചത്. ദേശീയപാത നിര്‍മാണം, വ്യവസായമേഖല, നിക്ഷേപസൗഹൃദം എന്നിവയിലെല്ലാം നാം ഒന്നാമതെത്തി. ഇതിന് തുടര്‍ച്ചയുണ്ടാകണമെങ്കില്‍ ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തിലെത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
إرسال تعليق