Join News @ Iritty Whats App Group

കാത്തിരിപ്പിന്‌ വിരാമം; ഇരിട്ടി മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യത്തിലേക്ക്‌

കാത്തിരിപ്പിന്‌ വിരാമം; ഇരിട്ടി മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യത്തിലേക്ക്‌


ട്ടന്നൂര്‍: മലയോര താലൂക്കിന്റെ ആസ്‌ഥാനമായ ഇരിട്ടിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യത്തിലേക്ക്‌.

12 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇരിട്ടി താലൂക്ക്‌ ഓഫിസ്‌ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ ഇനി സ്വന്തം കെട്ടിടത്തിലേക്ക്‌ മാറാനുള്ള വഴിയൊരുങ്ങി.
പയഞ്ചേരിമുക്കില്‍ റവന്യൂ വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള ഒരേക്കര്‍ സ്‌ഥലത്ത്‌ നിര്‍മാണം പൂര്‍ത്തിയാകുന്ന മിനി സിവില്‍ സ്‌റ്റേഷന്റെ ഉദ്‌ഘാടനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ജനപ്രതിനിധികളും നാട്ടുകാരും. റീബില്‍ഡ്‌ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 കോടി രൂപ ചെലവില്‍ അഞ്ചുനിലകളിലായി 60,000 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ്‌ മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്‌. കല്‍പ്പറ്റ ആസ്‌ഥാനമായ ഹില്‍ട്രാക്‌ കണ്‍സ്‌ട്രക്ഷന്‍സ്‌ കമ്പനിക്കാണ്‌ നിര്‍മാണച്ചുമതല. 2022 നവംബര്‍ ഏഴിനാണ്‌ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്‌. നിലവില്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണഘട്ടത്തിലാണ്‌.

ജി.എസ്‌.ടി. നടപ്പാക്കിയതിനെ തുടര്‍ന്ന്‌ അടങ്കല്‍ത്തുക പുതുക്കിയതോടെ പദ്ധതിയുടെ കരാര്‍ തുക 21.069 കോടി രൂപയായി ഉയര്‍ന്നു. സാങ്കേതിക കാരണങ്ങളാല്‍ കരാര്‍ ഉടമ്പടി വൈകിയതും നിര്‍മാണം നീളാന്‍ കാരണമായി. വിവിധ ഘട്ടങ്ങളിലെ തടസ്സങ്ങള്‍ മറികടന്നാണ്‌ ഇപ്പോള്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്‌ എത്തുന്നത്‌. സംസ്‌ഥാനത്ത്‌ പുതിയ 12 താലൂക്കുകള്‍ രൂപീകരിച്ച ഘട്ടത്തിലാണ്‌ ഇരിട്ടി താലൂക്കും നിലവില്‍ വന്നത്‌. എന്നാല്‍ താലൂക്ക്‌ രൂപീകരിച്ച്‌ 12 വര്‍ഷം പിന്നിട്ടിട്ടും സ്വന്തം കെട്ടിടമെന്ന ആവശ്യം യാഥാര്‍ഥ്യമായിരുന്നില്ല. തുടക്കം മുതല്‍ ഇരിട്ടി താലൂക്ക്‌ ഓഫിസ്‌ സ്വകാര്യ കെട്ടിടത്തിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. ഇതുമൂലം സര്‍ക്കാരിന്‌ വലിയ തുക വാടകയായി നല്‍കേണ്ടിവരുന്നതിനൊപ്പം ഓഫിസിലെത്തുന്ന പൊതുജനങ്ങള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി പല കെട്ടിടങ്ങളിലേക്ക്‌ പോകേണ്ട സ്‌ഥിതിയായിരുന്നു.

താലൂക്ക്‌ ഓഫിസിന്‌ പുറമെ സിവില്‍ സപ്ലൈസ്‌ ഓഫിസ്‌, ജോയിന്റ്‌ ആര്‍.ടി. ഓഫിസ്‌, അസിസ്‌റ്റന്റ്‌ ലേബര്‍ ഓഫിസ്‌, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ഓഫിസ്‌, ക്ഷീരവികസന വകുപ്പ്‌ ഓഫിസ്‌, പട്ടികവര്‍ഗ ക്ഷേമ ഓഫിസ്‌, ഇരിട്ടി സഹകരണ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫിസ്‌, സബ്‌ ട്രഷറി, ലാന്‍ഡ്‌ െ്രെടബ്യൂണല്‍ ഓഫിസ്‌ തുടങ്ങിയ പ്രധാന സര്‍ക്കാര്‍ സ്‌ഥാപനങ്ങളും നിലവില്‍ വിവിധ വാടകക്കെട്ടിടങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മിനി സിവില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഈ ഓഫീസുകളില്‍ ഭൂരിഭാഗവും ഒരേ കെട്ടിടത്തിലേക്ക്‌ മാറാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഇതോടെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക്‌ ഓഫീസുകള്‍ തേടി വിവിധ ഭാഗങ്ങളിലേക്ക്‌ സഞ്ചരിക്കേണ്ട സാഹചര്യം ഒഴിവാകും. ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളിലെത്തിക്കുന്നതിനും പദ്ധതി സഹായകമാകുമെന്നാണ്‌ വിലയിരുത്തല്‍.

ഇരിട്ടി താലൂക്കിന്റെ ഭരണകേന്ദ്രത്തിന്‌ കൂടുതല്‍ സൗകര്യപ്രദമായ സംവിധാനവും ആധുനിക അടിസ്‌ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം വര്‍ഷങ്ങളായി വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ സ്‌ഥിരം സംവിധാനവും മിനി സിവില്‍ സ്‌റ്റേഷന്‍ നല്‍കും. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അനുബന്ധ ജോലികളും പൂര്‍ത്തിയാക്കി വിവിധ ഓഫീസുകളുടെ മാറ്റത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ പ്രദേശവാസികള്‍. വര്‍ഷങ്ങളായി മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇരിട്ടിയുടെ ഭരണസേവന രംഗത്തും വലിയ മാറ്റത്തിനാണ്‌ വഴിയൊരുങ്ങുന്നത്‌. ഉദ്‌ഘാടനം ഉടന്‍ നടത്തണമെന്ന ആവശ്യവും ശക്‌തമാണ്‌.

Post a Comment

أحدث أقدم
Join Our Whats App Group