Join News @ Iritty Whats App Group

ട്രംപിന്‍റെ വിരുന്നിൽ വെടിയുതിർത്തത് 31കാരൻ, അക്രമി ഗെയിം ഡെവലപ്പറും അധ്യാപകനും മെക്കാനിക്കൽ എഞ്ചിനീയറുമെന്ന് റിപ്പോർട്ട്

ട്രംപിന്‍റെ വിരുന്നിൽ വെടിയുതിർത്തത് 31കാരൻ, അക്രമി ഗെയിം ഡെവലപ്പറും അധ്യാപകനും മെക്കാനിക്കൽ എഞ്ചിനീയറുമെന്ന് റിപ്പോർട്ട്


വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത പരിപാടിക്കിടെ വെടിയുതിർത്ത 31കാരന്‍റെ വിശദാംശങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള കോൾ തോമസ് അലൻ ആണ് പിടിയിലായതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോൾ തോമസ് അലൻ മെക്കാനിക്കൽ എഞ്ചിനീയറും കമ്പ്യൂട്ടർ വിദഗ്ധനുമാണെന്നാണ് പുറത്തുവരുന്ന വിവരം. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ ഇയാൾ ഗെയിം ഡെവലപ്പറായും പ്രവർത്തിച്ചിട്ടുണ്ട്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ഫെലോഷിപ്പ് നേടിയ കോൾ തോമസ് അലൻ ടോറൻസിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം ഇയാൾ എന്തിനാണ് വെടിയുതിർത്തതെന്ന് വ്യക്തമായിട്ടില്ല. പ്രതിക്ക് നേരത്തെ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി സൂചനയില്ല.

വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ പ്രധാന ഹാളിൽ മാധ്യമ പ്രവർത്തകർക്കായി വൈറ്റ് ഹൌസ് നടത്തിയ അത്താഴ വിരുന്നിനിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പ്രസിഡന്റ് ട്രംപ് അടക്കം യുഎസ് ഭരണ നിര ഒന്നാകെ വേദിയിൽ. പൊടുന്നന്നെ പുറത്ത് തുടരെ വെടിയൊച്ച മുഴങ്ങുകയായിരുന്നു. കുതിച്ചെത്തിയ അംഗരക്ഷകർ ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും വേദിയിൽ നിന്ന് മാറ്റി. സർവത്ര പരിഭ്രാന്തിയിൽ പ്രാണ രക്ഷാർത്ഥം പലരും മേശയ്ക്ക് അടിയിൽ ഒളിച്ചു. അക്രമിയുടെ പക്കൽ തോക്കുകളും കത്തികളും ഉണ്ടായിരുന്നതായി പൊലീസ് മേധാവി ജെഫ്രി കരോൾ അറിയിച്ചു.

കോൾതോമസ് അലൻ എന്ന യുവാവ് വിരുന്ന് നടന്ന ഹോട്ടലിൽ മുറിയെടുത്തു തങ്ങിയാണ് ആക്രമണം നടത്തിയത്. വെടിവെപ്പിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ധരിച്ചിരുന്നതിനാൽ അപായമില്ല. ഉടൻ തന്നെ അക്രമിയെ കീഴ്പ്പെടുത്താൻ കഴിഞ്ഞു. അക്രമിയുടെ ചിത്രവും ആക്രമണ ദൃശ്യങ്ങളും പിന്നീട് ട്രംപ് തന്നെ ട്രൂത് സോഷ്യലിലൂടെ പുറത്തുവിട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിനെ ട്രംപ് പ്രശംസിച്ചു. ആക്രമണത്തെ തുടർന്ന് മാറ്റിവെച്ച അത്താഴ വിരുന്ന് 30 ദിവസത്തിനുള്ളിൽ നടത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

2024 ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരൻ ട്രംപിന് നേരെ വെടിയുതിർതിരുന്നു. തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. ആ വർഷം തന്നെ ഫ്ലോറിഡയിലെ ഗോൾഫ് ക്ലബ്ബിൽ ഒളിച്ചിരുന്ന റയാൻ വെസ്‌ലി എന്നയാൾ ട്രംപിന് നേരെ വെടിവെക്കാൻ ശ്രമിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റിനു നേരെ വീണ്ടും വധശ്രമം ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് വിദഗ്ധർ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group