കേരളത്തില്‍ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറില്‍ ഉറച്ച് യുഡിഎഫും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ നിർണായക വോട്ടെടുപ്പ് ദിനം കഴിഞ്ഞതോടെ സംസ്ഥാനത്തെ മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി കനത്ത പോളിംഗ് നടന്നതിന്റെ ഗുണം ആർക്കാണ് ലഭിക്കുക എന്ന് വ്യക്തമാവാത്ത സവിശേഷ സാഹചര്യവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതിനിടയില്‍ അവകാശവാദങ്ങളുമായി മുന്നണികള്‍ രംഗത്ത് വരികയാണ്.
ഇക്കുറി കേരളത്തില്‍ രണ്ടിടത്ത് താമര വിരിയുമെന്ന് ഉറപ്പിച്ചു പറയുകയാണ് ബിജെപി. വോട്ടെടുപ്പില്‍ അന്തിമ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുന്നത്. മുൻപ് നേമത്ത് ഒ രാജഗോപാല്‍ വിജയിച്ചത് പോലെ ഇക്കുറി രണ്ട് പേർ നിയമസഭയില്‍ എത്തുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ആദ്യമായി ഇറങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
നേമത്ത് ഒരിക്കല്‍ കൂടി താമര വിരിയുമെന്നാണ് ബിജെപി നേതാക്കള്‍ കണക്കുകൂട്ടുന്നത്. കൂടാതെ കഴക്കൂട്ടത്തും വിജയം ഉറപ്പാണെന്ന് അവർ കരുതുന്നു. രാജീവ് ചന്ദ്രശേഖറിന്റെയും വി മുരളീധരന്റെയും വിജയത്തില്‍ സംശയമില്ലെന്ന് രാത്രി വൈകി ചേർന്ന യോഗത്തിലും അഭിപ്രായം ഉയർന്നു. ഇതിന് പുറമേ പത്തോളം മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യത നിലനില്‍ക്കുന്നുവെന്നും, അവിടെ ഫലം ഇങ്ങോട്ടും ആവാമെന്നുമാണ് കണക്കുകൂട്ടുന്നത്.
അതില്‍ തിരുവനന്തപുരത്ത് നിന്ന് മൂന്നോളം മണ്ഡലങ്ങള്‍ കൂടിയുണ്ടെന്നതാണ് പ്രത്യേകത. കാട്ടാക്കട, വട്ടിയൂർകാവ്, ആറ്റിങ്ങല്‍, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട്, എന്നിവ ഉള്‍പ്പെടെ 10 ഇടങ്ങളില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്നാണ് ബിജെപി കരുതുന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞ രണ്ട് തവണയും കെ സുരേന്ദ്രൻ അവസാന നിമിഷമാണ് ചെറിയ ഭൂരിപക്ഷത്തിന് വീണത് എന്നത് അവരെ പ്രതീക്ഷയില്‍ നിർത്തുന്ന ഘടകമാണ്.
നേമത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഇരു പ്രബല മുന്നണികള്‍ക്കുമായി പോയത് ഗുണമാവുമെന്നും നിഷ്‌പക്ഷ വോട്ടുകള്‍ ലഭിച്ചത് രാജീവ് ചന്ദ്രശേഖറിന് ആണെന്നും മൊത്തത്തില്‍ വിലയിരുത്തലുണ്ട്. അത് സംസ്ഥാന അധ്യക്ഷന് ജയം കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടുന്നത്. ശിവൻകുട്ടിയും കെഎസ് ശബരീനാഥനും മത്സരിച്ച മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന്റെ ആനുകൂല്യം രാജീവ് ചന്ദ്രശേഖറിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ശബരിമല സ്വർണക്കൊള്ള ഉള്‍പ്പെടെ ചർച്ചയായ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയായപ്പോള്‍ ഗുണം ലഭിച്ചത് വി മുരളീധരന് ആണെന്നും അവർ വിലയിരുത്തുന്നു. ഇതിന് പുറമെ കാട്ടാക്കട, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഉയർന്ന പോളിംഗ് തുണയാവുക ബിജെപിക്ക് ആണെന്നും പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യത ഉണ്ടെന്നും ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
അതേസമയം, നൂറ് സീറ്റ് കടക്കുമെന്ന് തന്നെയാണ് യുഡിഎഫ് ക്യാമ്ബ് ഉറച്ച് വിശ്വസിക്കുന്നത്. അത് പലതവണയായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ആവർത്തിക്കുന്നതും കാണാമായിരുന്നു. ഉയർന്ന പോളിംഗ് തന്നെയാണ് യുഡിഎഫിനെയും ഇത്തരത്തില്‍ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. നേരിയതെങ്കിലും ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ വീണ്ടും ഭരിക്കാമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. എന്തായാലും അന്തിമ ഫലം അറിയാൻ ഇനിയും 25 ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരും.
إرسال تعليق