Join News @ Iritty Whats App Group

സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവർ അല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 'ടി. സിദ്ദിഖിനെ കൂക്കി വിളിച്ചതും ശരിയായില്ല'

സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവർ അല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 'ടി. സിദ്ദിഖിനെ കൂക്കി വിളിച്ചതും ശരിയായില്ല'


കോഴിക്കോട്:സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവരല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്ത മേഖലയിൽ സജീവമായി പ്രവർത്തിച്ച ആളാണ് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ആ നിലയിലാണ് അവിടെ പോയത്. ഇക്കാര്യങ്ങൾ മനസ്സിലാക്കുന്ന ആളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ടി. സിദ്ദിഖിനെ കൂക്കി വിളിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. പ്രാദേശിക പ്രശ്നങ്ങളുടെ ഭാഗമാകാം പ്രതിഷേധം. എന്നാൽ കൂക്കി വിളിച്ച നടപടി ശരിയല്ലെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെതിരെ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ഇത് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

മമ്മൂട്ടിക്കെതിരെ ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രം​ഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിൻ്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്.

അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദർശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗൺഷിപ്പിലേത് സ്വകാര്യ സന്ദർശനം മാത്രമാക്കി നിലനിർത്താൻ മമ്മൂട്ടി നിർദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയിൽ നിന്ന് എത്തിയത് ടൗൺഷിപ്പ് കാണാൻ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദർശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ടൗൺഷിപ്പിലേക്ക് വരാൻ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കൾ തുടർച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നിൽക്കാൻ ആവശ്യപ്പെട്ടത്.

Post a Comment

أحدث أقدم
Join Our Whats App Group