ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കും; തൊഴിലുടമകളുടെ നിലപാട് അറിയാതെ നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ആര്‍ത്തവാവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇത്തരമൊരു നിയമം നിലവില്‍വന്നാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ വിമുഖതകാണിക്കുമെന്ന് കൂടി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണെന്നോ ആര്‍ത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായധാരണ ഇത് സമൂഹത്തില്‍ സൃഷ്ടിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍. ആര്‍ത്തവ അവധി സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി നിരീക്ഷണങ്ങള്‍ നടത്തി തള്ളി. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക്, അവര്‍ വിദ്യാര്‍ത്ഥികളായാലും ജോലി ചെയ്യുന്ന പ്രൊഫഷണലുകളായാലും, അവധി അനുവദിക്കുന്നുണ്ടെന്ന് സുപ്രീം കോടതി ഉറപ്പാക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ആര്‍ത്തവ അവധി നിയമങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് രാവിലെ കോടതി പരിഗണിച്ചപ്പോള്‍, അത്തരമൊരു നിയമം ജോലി ചെയ്യുന്ന സ്ത്രീകളില്‍ ‘തങ്ങള്‍ പുരുഷന്മാരേക്കാള്‍ ‘കുറവാണെന്ന’ ഒരു മാനസിക ഭയമോ ധാരണയോ സൃഷ്ടിക്കുമെന്ന്’ ചീഫ് ജസ്റ്റിസ് വാദിച്ചു.
നിയമം നിര്‍ബന്ധമാക്കിയാല്‍ ജുഡീഷ്യറിയിലോ സര്‍ക്കാര്‍ സര്‍വീസിലോ പോലും സ്ത്രീകള്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാമെന്ന ആശങ്കയും രാജ്യത്തെ പരമോന്നത കോടതി പങ്കുവെച്ചു. നിലവില്‍ ചില സ്വകാര്യ കമ്പനികള്‍ ആര്‍ത്തവാവധി നല്‍കുന്നുണ്ടെങ്കിലും അത് സ്വമേധയാ നല്‍കുന്നതാണെന്നും അത് നിയമപരമായി നിര്‍ബന്ധിക്കുന്നത് സ്ത്രീകളുടെ കരിയര്‍തന്നെ ഇല്ലാതാക്കാന്‍ കാരണമാകുമെന്നും സുപ്രീം കോടതി വിഷയത്തെ കുറിച്ച് വ്യക്തമാക്കി.
കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വകലാശാലകളില്‍ വിദ്യാഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച കാര്യം സീനിയര്‍ അഭിഭാഷകന്‍ എം ആര്‍ ഷംഷാദ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ലിംഗനീതി അടിസ്ഥാനമാക്കിയുള്ള സമൂഹത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ കമ്പനികളും സമാനമായ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും കേരളത്തിലെ ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എം ആര്‍ ഷംഷാദ് സൂചിപ്പിച്ചു.
സ്ത്രീകള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കുന്നത് അവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നും നിര്‍ബന്ധിത നിയമം കൊണ്ടുവരുന്നത് തൊഴിലുടമകള്‍ സ്ത്രീകളെ ജോലിക്കെടുക്കില്ലാത്ത അവസ്ഥ സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ജനുവരിയില്‍, പെണ്‍കുട്ടികളുടെ ജീവിക്കാനുള്ള അവകാശം, അന്തസ്സ്, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ അവിഭാജ്യ ഘടകമാണ് ആര്‍ത്തവ ശുചിത്വം എന്ന് സുപ്രീം കോടതി നിരീക്ഷണം നടത്തിയിരുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ജസ്റ്റിസുമാരായ ജെ.ബി. പാര്‍ഡിവാലയും ആര്‍. മഹാദേവനും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി സൗജന്യ സാനിറ്ററി നാപ്കിനുകള്‍, വൃത്തിയുള്ള ശുചിമുറികള്‍, ആര്‍ത്തവ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം എന്നിവ ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
إرسال تعليق