ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു ;യുദ്ധക്കെടുതിയില്‍ കൊല്ലപ്പെട്ടതെന്ന് സംശയം; പച്ചക്കറി വാങ്ങാന്‍ പോകുന്നുവെന്ന് അവസാന സന്ദേശം; ദുരൂഹത മാറ്റണമെന്ന ആവശ്യവുമായി കുടുംബം
തിരുവനന്തപുരം: കല്ലമ്പലം മുത്താന ശിവശൈലത്തില്‍ സുരേഷ് സുന്ദരേശന്‍ (42) ഇസ്രയേലില്‍ മരിച്ച വിവരം അതീവ ദുഃഖത്തോടെയാണ് നാട് കേട്ടത്. ഇസ്രയേലിലെ മലയാളി കൂട്ടായ്മയാണ് സുരേഷ് മരിച്ച വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. എന്നാല്‍ മരണകാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ തുടരുന്ന യുദ്ധസാഹചര്യമാണോ സുരേഷിന്റെ ജീവനെടുത്തതെന്ന കാര്യത്തില്‍ ബന്ധുക്കള്‍ക്ക് വലിയ സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.
ഒരു വര്‍ഷം മുന്‍പാണ് സുരേഷ് ലേബര്‍ വിസയില്‍ ഇസ്രയേലിലേക്ക് പോയത്. ആറുമാസം മുന്‍പ് മാതാവ് മരിച്ചപ്പോള്‍ നാട്ടിലെത്തി മടങ്ങിയതാണ്. ഒടുവിലായി മാര്‍ച്ച് 17-നാണ് സുരേഷ് ബന്ധുക്കളുമായി സംസാരിച്ചത്. താന്‍ താമസിക്കുന്ന സ്ഥലത്തിന് ചുറ്റും നടക്കുന്ന കടുത്ത യുദ്ധത്തെക്കുറിച്ചും മിസൈല്‍ ആക്രമണങ്ങളെക്കുറിച്ചും സുരേഷ് അന്ന് സംസാരിച്ചിരുന്നു. പച്ചക്കറി വാങ്ങാന്‍ പുറത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അവസാന ശബ്ദസന്ദേശം അയച്ചത്. ഇതിന് പിന്നാലെ മരണവാര്‍ത്ത എത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സുരേഷിന്റെ ഭാര്യ കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ട് പിഞ്ചുമക്കളാണ് സുരേഷിനുള്ളത്.
കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഇതിനായി ആറ്റിങ്ങല്‍ എം.പി. അടൂര്‍ പ്രകാശിനെയും വര്‍ക്കല എം.എല്‍.എ. വി. ജോയിയെയും ബന്ധുക്കള്‍ നേരിട്ട് കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. വിദേശകാര്യ മന്ത്രാലയം ഇടപെട്ട് സുരേഷിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്.
യുദ്ധമേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കയുണര്‍ത്തുന്നതാണ് സുരേഷിന്റെ വിയോഗം. എംബസി വഴി മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാനും മരണകാരണം വ്യക്തമാക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Post a Comment