തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.(Kerala Assembly Elections, Public holiday declared on April 9)
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചു. സ്വന്തം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ട് ചെയ്യാൻ പോകുന്നതിനായി ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്.
താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് ഉത്തരവിൽ പരാമർശിക്കുന്നു. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് നാലിന് നടക്കും. നിലവിൽ പത്രികാ സമർപ്പണത്തിന്റെ അവസാന ഘട്ടത്തിലാണ് മുന്നണികൾ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി നാളെ ഒരു ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. പ്രമുഖ സ്ഥാനാർത്ഥികൾ പലരും കഴിഞ്ഞ ദിവസങ്ങളിൽ പത്രിക സമർപ്പിച്ചു കഴിഞ്ഞു.
ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് അതിനായി ലഭിക്കുന്ന അവസാന തീയതിയും നാളെയാണ്.
Post a Comment