കറണ്ട് പോക്കിൽ 'വിസ്മയം' സർക്കാർ, ഭരിക്കാനറിയില്ലെങ്കിൽ പഠിച്ച് ഭരിക്കെന്ന് ഇപി, പിഎം ശ്രീയിലടക്കം വിമർശനവുമായി മുഹമ്മദ് റിയാസും
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന കറണ്ട് കട്ടിലടക്കം രൂക്ഷ വിമർശനവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും മുഹമ്മദ് റിയാസ് എം എൽ എയും രംഗത്ത്. നിരന്തരമായ കറന്റ് പോക്ക് കാരണം കുട്ടികൾക്ക് പഠിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷം കേരളത്തിലെന്ന് ഇ പി ജയരാജൻ കുറ്റപ്പെടുത്തി. കേന്ദ്രം നീറ്റ് പരീക്ഷാ തട്ടിപ്പിലൂടെ വിദ്യാർത്ഥികളെ വഞ്ചിക്കുമ്പോൾ, കേരളത്തിൽ വൈദ്യുതി മുടക്കി ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി നിരക്ക് കൂട്ടാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഈ കറന്റ് കട്ടെന്നും ഇ പി വിമർശിച്ചു. ഭരിക്കാൻ അറിയില്ലെങ്കിൽ വി ഡി സതീശൻ പഠിച്ച് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവുണ്ടെങ്കിൽ പരിശീലനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കറണ്ട് പോക്കിൽ 'വിസ്മയം'
വൈദ്യുതി മുടക്കം നിലവിലെ സർക്കാരിന്റെ വലിയൊരു "വിസ്മയ"മായി മാറിയിരിക്കുകയാണെന്നാണ് മുഹമ്മദ് റിയാസ് എം എൽ എ പരിഹസിച്ചത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അവസരമുണ്ടായിട്ടും അതിനായി ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. കോൺഗ്രസിനുള്ളിലെ തമ്മിലടിയും അഭിപ്രായവ്യത്യാസങ്ങളും തീർക്കാൻ മാത്രമാണ് നിലവിലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സമയം കണ്ടെത്തുന്നത്. യു ഡി എഫ് സർക്കാർ കേരളത്തിന് വലിയൊരു ബാധ്യതയായി മാറിയെന്നും ഭരണരംഗത്ത് പൂർണ്ണ പരാജയമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. വഖഫ് ബോർഡ് വിഷയത്തിൽ പ്രതിപക്ഷത്തുള്ള മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണെന്നും റിയാസ് ആരോപിച്ചു. വഖഫ് വിഷയത്തിൽ ലീഗ് കോടതിയിൽ സ്വീകരിച്ച നിലപാടല്ല ഇപ്പോഴത്തെ സർക്കാർ സ്വീകരിക്കുന്നത്. അധികാരത്തിന് വേണ്ടി പല വിഷയങ്ങളിലും ആർ എസ് എസിനോട് സർക്കാരും മുസ്ലിം ലീഗും സന്ധി ചെയ്യുകയാണ്. മുൻപ് എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇതിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത്. മുൻപ് പി എം ശ്രീ പദ്ധതി അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞവർ, ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ അത് നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും റിയാസ് ചൂണ്ടിക്കാട്ടി.
Post a Comment