കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിതാവ് പിന്നാലെ ചാടി; ബഹളം കേട്ടെത്തിയ യുവാവ് കുട്ടിയെ രക്ഷിച്ചു; പിതാവിന് ശ്വാസം മുട്ടി ദാരുണാന്ത്യം
പാലക്കാട്: കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മകനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. വടക്കാഞ്ചേരി മാരാത്തുകുന്ന് ഉന്നതി വാരിയത്ത് വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരന് അരുഷ് കിണറ്റിലേക്ക് കാല്‍തെന്നി വീഴുകയായിരുന്നു. മകന് കിണറ്റില്‍ വീണതറിഞ്ഞ വിഷ്ണു ഉടന്‍തന്നെ രക്ഷിക്കാനായി താഴേക്ക് ചാടി.
ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിശമനസേന കുട്ടി സുരക്ഷിതനാണെന്ന് കണ്ട് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയിക്കുന്നത്.
തുടര്‍ന്ന് സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ കിണറ്റിലെ ചേറില്‍ കുടുങ്ങിയ നിലയില്‍ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കിണറ്റിനുള്ളിലെ ഓക്സിജന്‍ കുറവും ശ്വാസതടസവുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്. പരിക്കേറ്റ അരുഷ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. നിര്‍മാണത്തൊഴിലാളിയാണ് മരിച്ച വിഷ്ണു.
إرسال تعليق