സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്
കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രില്‍ ഒമ്പതിന് നടക്കും. ഒറ്റഘട്ടമായി കേരളത്തില്‍ വോട്ടെടുപ്പ് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍.കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്ത് ആകെയുള്ളത് എസ്‌ഐആറിന് ശേഷം 2. 70 കോടി വോട്ടര്‍മാരാണ്. ഇതില്‍ 100 വയസിന് മുകളില്‍ 1571 വോട്ടര്‍മാര്‍ ഉണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
മാർച്ച് 16-ന് ഗസറ്റ് വിജ്ഞാപനം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23-ാം തീയതിയാണ്. നാമനിർദേശപത്രികകളുടെ സൂക്ഷമപരിശോധന മാർച്ച് 24-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26 ആണ്. കേരളത്തിൽ പ്രചാരണത്തിന് ഇനി 24 ദിവസം മാത്രമാണ് മുന്നിലുള്ളത്.
കേരളത്തില്‍ 30471 പോളിങ് സ്റ്റേഷനാണ് ഉണ്ടാവുക. ഇത്തവണ 4.24 ലക്ഷം കന്നി വോട്ടർമാരാണ് ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഒരുങ്ങുന്നത്. 1.38 കോടി സ്ത്രീ വോട്ടർമാരും 1.82 പുരുഷ വോട്ടർമാരും പട്ടികയിലുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നു. എല്ലാ പോളിങ് സ്റ്റേഷനിലും വെബ് കാസ്റ്റിങ് ഉറപ്പാക്കും. ECINET ആപ്പിൽ വിവരങ്ങൾ അറിയാം.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കമ്മിഷന്‍ സന്ദര്‍ശനം നടത്തിയെന്നും മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. സന്ദര്‍ശനവേളയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും കൂടിക്കാഴ്ച നടത്തുകയും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍, എസ്പിമാര്‍, ഐജിമാര്‍, ഡിഐജിമാര്‍ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4
അസം- ഏപ്രില്‍ 9, ഫലപ്രഖ്യപനം മെയ് 4
പുതുച്ചേരി- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4
തമിഴ്നാട്- ഏപ്രിൽ 23, ഫലപ്രഖ്യാപനം മെയ് 4
ബംഗാൾ- ഏപ്രിൽ 23, ഏപ്രിൽ 29, ഫലപ്രഖ്യാപനം മെയ് 4
വിവിധ സംസ്ഥാനങ്ങളിലെ 8 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം.
إرسال تعليق