പകര്‍ച്ചവ്യാധി പ്രതിരോധം; കണ്ണൂര്‍ ജില്ലയില്‍ 1299 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
കണ്ണൂർ : ഭക്ഷ്യ-ജലജന്യ പകർച്ച വ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിർദേശ പ്രകാരം ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍, അങ്കണവാടി, മദ്രസ, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ 1299 സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി.
പൊതുജനാരോഗ്യ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത 20 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കോട്പ ആക്‌ട് പ്രകാരം പിഴ ഈടാക്കി.ജില്ലാ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ശുചിത്വ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്‌ക്വാഡ്, ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസർ, ഹെല്‍ത്ത് സൂപ്പർവൈസർ, ഹെല്‍ത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടത്തിയത്.
637 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 527 അങ്കണവാടികള്‍, അനാഥ മന്ദിരങ്ങള്‍, വൃദ്ധ സദനങ്ങള്‍, മദ്രസ, ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ 135 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ ശുചിത്വ പരിശോധന നടത്തിയത്.
തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടി കർശനമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.
إرسال تعليق